അജിത് ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ബാങ്കിൽ മോഷണം കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് പിടിയിൽ

തിരുപ്പൂർ. അജിത് ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ധാരാപുരം മേഖലയിലെ ബാങ്കിൽ കവർച്ചയ്ക്ക് ശ്രമിച്ച ചെറുപ്പക്കാരൻ പിടിയിൽ. അജിത് നായകനായ തുനിവ് എന്ന ചിത്രത്തിലെ ബാങ്ക് കവർച്ചയെ അനുകരിച്ചാണ് പോളിടെക്നിക് വിദ്യാർത്ഥി സുരേഷ് കാനറാ ബാങ്കിൽ കവർച്ചയ്ക്ക് ശ്രമിച്ചത്.

മുഖംമൂടി ധരിച്ച ഇയാൾ കളിത്തോക്കും ഡമ്മി ബോംബും കൊണ്ടാണ് എത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുഖംമൂടി ധരിച്ച് ധാരാപുരത്തെ കനറാ ബാങ്ക് ശാഖയിൽ എത്തിയ സുരേഷ് തോക്കും കത്തിയും കാണിച്ച് ബാങ്ക് ജീവനക്കാരെയും, ഇടപാടുകാരെയും ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാൾ ബാങ്കിനുള്ളിൽ നടക്കുന്നതിനിടയിൽ കയ്യിലെ തോക്ക് താഴെ വീഴുകയായിരുന്നു.

ഈ സമയം അടുത്തുള്ള കസേരയിൽ ഇരുന്ന വൃദ്ധൻ തോർത്ത് ഉപയോഗിച്ച് കുരുക്കിട്ട ശേഷം സുരേഷിന് മേൽ ചാടിവീണു. തുടർന്ന് മറ്റുള്ളവർ ഓടിയെത്തി യുവാവിനെ കീഴ്‌പ്പെടുത്തി. ഓൺലൈനിൽ നിന്നുമാണ് സുരേഷ് കളിത്തോക്ക് വാങ്ങിയത്. സ്വിച്ച് ബോക്സ് ചുവന്ന സെല്ലോ ടേപ്പിൽ പൊതിഞ്ഞാണ് ഡമ്മി ബോംബ് നിർമ്മിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കീഴ്‌പ്പെടുത്തുന്നതിനിടയിൽ സുരേഷിന് പരിക്കേറ്റതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.