മാണി സി കാപ്പന്റെ വിജയം ചക്ക വീണപ്പോള്‍ മുയല് ചത്തത് പോലെ: രമേശ് ചെന്നിത്തല

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ മാണി സി കാപ്പന്റെ വിജയം ചക്ക വീണപ്പോള്‍ മുയല് ചത്തത് പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തോല്‍പിക്കുകയല്ല താക്കീത് നല്‍കുകയാണ് ജനങ്ങള്‍ ചെയ്തതെന്ന് വിശദീകരിച്ച ചെന്നിത്തല പാലാ, വട്ടിയൂര്‍ക്കാവില്‍ ആവര്‍ത്തിക്കാമെന്ന് കരുതേണ്ടെന്ന് ഇടത് പക്ഷത്തിന് മുന്നറിയിപ്പ് നല്‍കി.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ യുഡിഎഫില്‍ ഉണ്ടാകില്ലെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 91 സീറ്റുകളിലാണ് എൽഡിഎഫ് ജയിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് മത്സരിച്ച് ജയിച്ചതോടെ അരൂർ എംഎൽഎയായിരുന്ന എ എം ആരിഫ് രാജിവെച്ചു. ഇതോടെ ഇടതുമുന്നണിയുടെ ആകെ സീറ്റ് 90 ആയി കുറഞ്ഞു. ഇപ്പോൾ പാലായിലെ യുഡിഎഫ് സീറ്റ് പിടിച്ചെടുത്തതോടെ എൽഡിഎഫിന്റെ ആകെ സീറ്റ് വീണ്ടും 91 ആയി.

അതേസമയം, യുഡിഎഫിന്റെ സഭയിലെ കക്ഷിനില 47 ൽ നിന്ന് 42 ആയി കുറഞ്ഞു. ലോക്സഭയിലേക്ക് യുഡിഎഫിന്റെ നാലു സിറ്റിങ് എംഎൽഎമാർ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതോടെ നാലു സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. ഇപ്പോൾ പാലാ സീറ്റ് കൂടി നഷ്ടപ്പെട്ടതോടെ കേരള കോൺഗ്രസ് എം കക്ഷിനില ആറിൽ നിന്ന് അഞ്ചായി.