ഇന്നേവരെ മദ്യപിച്ചിട്ടില്ല: ഡാന്‍സ് പാര്‍ട്ടികളില്‍ പോയിട്ടില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി വഫ

ഇന്നേവരെ മദ്യപിച്ചിട്ടില്ല: ഡാന്‍സ് പാര്‍ട്ടികളില്‍ പോയിട്ടില്ല: ഭര്‍ത്താവ് ഫിറോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി വഫ

അബുദാബി: ഐ..എ..എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ച സംഭവത്തിലൂടെ വിവാദനായികയായ വഫ ഫിറോസ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍. വിവാഹമോചനം ആവശ്യപ്പെട്ടു വഫയ്ക്ക് ഭര്‍ത്താവ് ഫിറോസ് അയച്ച വക്കീല്‍ നോട്ടീസിലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് വഫ ടിക് ടോക് വീഡിയോയില്‍ രംഗത്ത് വന്നത്. ഫിറോസിന്റെ ആരോപണങ്ങള്‍ മുഴുവന്‍ തെറ്റാണെന്നും തന്നെ വിശ്വസിക്കണമെന്നും ആറു വിഡിയോകളിലൂടെ അഭ്യര്‍ഥിക്കുന്നു.

വീഡിയോയില്‍ വഫ പറയുന്നത്

”ഈ വീഡിയോ എന്നെയും ഫിറോസിനെയും അറിയാത്തവര്‍ക്ക് വേണ്ടിയുള്ളതാണ്. നിങ്ങള്‍ കരുതുന്നതു പോലെ ഫിറോസ് എന്ന വ്യക്തി എന്നെ കല്യാണം കഴിച്ചതിന് ശേഷം മാത്രം ഒരു ഭര്‍ത്താവെന്ന നിലയില്‍ മനസിലാക്കിയ ആളല്ല. എനിക്ക് മൂന്നോ നാലോ വയസു മുതലേ അറിയാവുന്ന വ്യക്തിയാണ്. ഞങ്ങള്‍ തമ്മില്‍ 13 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ട്. അദ്ദേഹം എന്റെ അയല്‍ക്കാരനാണ്. മാത്രമല്ല, അദ്ദേഹം എന്റെ അകന്ന ബന്ധുവുമാണ്. അങ്ങനെയാണ് ഇങ്ങനെയൊരു വിവാഹാലോചന വരുന്നതും വയസ് പോലും നോക്കാതെ പപ്പയും മമ്മിയും വിവാഹം നടത്തുന്നതും.

അപകടത്തിന് ശേഷം ഫിറോസ് മൂന്ന് ദിവസത്തേയ്ക്ക് നാട്ടില്‍ വന്നു. എന്നാല്‍ പുള്ളിക്കാരന്‍ എന്നെയും മോളെയും വന്നു കാണാന്‍ കൂട്ടാക്കിയില്ല. ആദ്യമൊക്കെ എന്റെ കൂടെ നില്‍ക്കാമെന്നാണ് പറഞ്ഞതെങ്കിലും നാട്ടില്‍ വന്ന ശേഷം പുള്ളിക്കാരന് എന്തു സംഭവിച്ചു എന്നറിയില്ല. ആരെങ്കിലും അവിഹിത സ്വാധീനം ചെലുത്തിയോ എന്നുമറിയില്ല. മീഡിയയ്ക്ക് ഇതിനകത്ത് ഒത്തിരി പങ്കുണ്ട്. അവര് പറഞ്ഞതെല്ലാം ഒരു സാധാരണക്കാരന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യങ്ങളൊന്നും ആയിരുന്നില്ല. 19 വര്‍ഷം അദ്ദേഹം കണ്ട വഫയല്ല, അതിലുമിതിലും കാണിച്ച വഫയാണ് യഥാര്‍ഥമെന്ന് അദ്ദേഹവും വിശ്വസിച്ചുകാണും.

എനിക്കെതിരെ കുറേ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ആദ്യം പറയാനുള്ളത് ഗര്‍ഭഛിദ്രം നടത്തിയതിനെക്കുറിച്ചാണ്. എന്റെ മകള്‍ക്ക് ഇപ്പോള്‍ 16 വയസ്സായി. അവള്‍ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അവള്‍ കുഞ്ഞാണെന്ന് കരുതി അദ്ദേഹം തന്നെയാണ് എനിക്ക് നാട്ടിലേയ്ക്ക് പോകാന്‍ വിമാന ടിക്കറ്റെടുത്ത് തന്നത്.

അടുത്ത ആരോപണം, ഫിറോസിന്റെ ബിസിനസെല്ലാം ഞാന്‍ കാരണമാണ് തകര്‍ന്നത് എന്നു പറഞ്ഞു. ജോര്‍ജ് എന്നൊരു വ്യക്തിയുമായിട്ടാണ് ഫിറോസ് ബിസിനസ് തുടങ്ങിയത്. ഫിറോസ് ബഹ്‌റൈനില്‍ ബിസിനസ് തുടങ്ങിയപ്പോള്‍ ഷിയാ-സുന്നി പ്രശ്‌നം നടക്കുകയായിരുന്നു. ഫിറോസിന് ഒരു ബിസിനസും കിട്ടാതെയായി. അവസാനം ജോര്‍ജ് കൈവിട്ടു. രണ്ടു വര്‍ഷം മാത്രമേ ഞങ്ങള്‍ക്ക് ബഹ്‌റൈനില്‍ നില്‍ക്കാന്‍ പറ്റിയുള്ളൂ. ആ ബിസിനസിന്റെ ഉത്തരവാദിത്തം എന്റെ തലയില്‍ എന്തുകൊണ്ട് ഫിറോസ് കൊണ്ടിട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല.

അടുത്ത ആരോപണം അന്യപുരുഷന്മാരുമായി സമ്പര്‍ക്കം ഉണ്ടെന്നാണ്. എന്നാല്‍ ശ്രീറാം എന്റെ വെറുമൊരു സുഹൃത്താണ്. അത് ഞാന്‍ അദ്ദേഹത്തിന്റെയടുത്ത് മാത്രമല്ല, സാധാരണ ജനങ്ങളോടും പറയുകയാണ്. രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ് ഞാന്‍. പക്ഷേ, ഞാനത് വൃത്തികേട് ആലോചിച്ചോണ്ടല്ല പോയത്. എനിക്ക് ഡ്രൈവിങ് വളരെയിഷ്ടമാണ്. ഭയങ്കര ആത്മവിശ്വാസവുമാണ്. അങ്ങനെ ഇറങ്ങിപ്പോയതാണ്. അതില്‍ എന്റെ മനസില്‍ എന്തെങ്കിലും വൃത്തികേടുണ്ടെങ്കില്‍ ഞാനെന്റെ മകളുടെ അടുത്ത് യാത്ര പറഞ്ഞിട്ട് പോകില്ല.

താന്‍ നിര്‍ബന്ധിച്ച് ഫിറോസിനെ കൊണ്ട് കാര്‍ വാങ്ങിപ്പിച്ചു എന്ന ആരോപണവും നിഷേധിക്കുന്നു. ഫിറോസ് ബഹ്‌റൈനിലായിരുന്നപ്പോള്‍ തന്റെ പേരില്‍ ബാങ്ക് വായ്പയെടുത്ത് വാങ്ങിച്ചതാണ്. എന്തിനാണ് എന്റെ പേരില്‍ വായ്പയെടുത്ത് കാര്‍ വാങ്ങിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, എങ്ങാനും എനിക്ക് വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ വഫയുടെ പപ്പ അടയ്ക്കുമല്ലോ എന്നായിരുന്നു മറുപടി. 8.25 ലക്ഷം രൂപ വിലയുള്ള കാറാണ് വാങ്ങിച്ചത്. അങ്ങനെ ഒരു അപകടം ഉണ്ടായപ്പോള്‍ പുള്ളിക്കാരന്‍ ഈ കാര്യത്തിലും എന്നെ കൈവിട്ടുവെന്നും വഫ വീഡിയോയില്‍ പറയുന്നു.