ഓരേ ദിവസം തന്നെ സന്തോഷവും സങ്കടവും, എല്ലാം എന്റെ മകളുടെ അനുഗ്രം, സീമ.ജി.നായര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ ജി നായര്‍. സിനിമയിലും സീരിയലിലും തിളങ്ങുന്ന നടി സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവമാണ്. അടുത്തിടെയാണ് സാമൂഹിക ക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട്‌സ് ലവേഴ്‌സ് അസ്സോസിയേഷന്‍ ‘കല’യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം സീമ ജി. നായര്‍ക്ക് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ (2021സെപ്റ്റംബര്‍ 21 ചൊവ്വാഴ്ച) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇപ്പോള്‍ സീമ ജി നായര്‍ പുരസ്‌കാരത്തെ കുറിച്ച് പങ്കുവെച്ച വാക്കുകളാണ് വൈറലാകുന്നത്. പുരസ്‌കാരം നേടുന്ന ദിവസത്തിനും ഒരു പ്രത്യേകത ഉണ്ടെന്നാണ് സീമ ജി നായര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സീമ ഇക്കാര്യം പറയുന്നത്.

സീമ ജി നായരുടെ വാക്കുകള്‍ ഇങ്ങനെ, ഇന്ന് സെപ്റ്റംബര്‍ 21 ഏറ്റവും കൂടുതല്‍ ദു:ഖിക്കുന്ന ദിവസവും, സന്തോഷിക്കുന്ന ദിവസവും.. ശരണ്യ ഞങ്ങളെ വിട്ടു പോയിട്ടു 41 ദിവസം ആകുന്നു.. ഇതേ ദിവസം തന്നെ എനിക്ക് ദു:ഖിതരും അശരണരുമായ സഹജീവികള്‍ക്ക് മാതൃവാത്സല്യത്തോടെ തണലൊരുക്കിയ മദര്‍ തെരേസയുടെ (അമ്മയുടെ) നാമധേയത്തില്‍ കൊടുക്കുന്ന പ്രഥമ പുരസ്‌കാരം എനിക്ക് കിട്ടുന്ന ദിവസം കൂടിയാണ്.. ഇന്നത്തെ ദിവസം തന്നെ ഇത് വന്നത് തികച്ചും യാദൃച്ഛികമാണ്..

‘കല’യുടെ ഭാരവാഹികള്‍ എന്നെ വിളിക്കുമ്പോള്‍ എന്നോട് പറഞ്ഞത് ഒക്ടോബര്‍ 2 ആയിരിക്കും പുരസ്‌കാര ദാന ചടങ്ങ് എന്നാണ്.. പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്, 21 ന് തീരുമാനിച്ചു എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി.. ശരണ്യയുടെ ചടങ്ങിന്റെ അന്നു തന്നെ.. ഇത് അവളുടെ ബ്ലസ്സിങ് ആയാണ് എനിക്ക് തോന്നിയത്.. ഞാന്‍ അവളെയും കുടുംബത്തെയും സ്‌നേഹിച്ചതു ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു..

ഒരുപാട് കഥകള്‍ യഥെഷ്ടം ഇറങ്ങി, വീടിന്റെ ആധാരം പോലും എന്റെയും കൂടെ പേരില്‍ ആണെന്ന് വരെ പറഞ്ഞിറക്കി.. സത്യം അവളുടെ കുടുംബത്തിന് അറിയാമല്ലോ.. ഒരുപാട് കാര്യങ്ങളില്‍ വേദനിച്ച എനിക്ക് എന്റെ മകള്‍ തന്ന അനുഗ്രഹമായിരിക്കും ഇത്.. അതുപോലെ തന്നെ മദറിന്റെ അനുഗ്രഹവും.. ഞാന്‍ ചെറിയ ഒരു ദാസിയാണ്.. എന്റെ പരിധിക്കപ്പുറവും നിന്ന് ഞാന്‍ ചെയ്യുന്നുണ്ടു ഓരോന്നും.. കഴിഞ്ഞ ദിവസം ഇത് പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് കിട്ടിയ സ്‌നേഹം അത് ഞാന്‍ പ്രതീക്ഷിച്ചതിനും അപ്പുറമാണ്..

എന്റെ തൊഴിലിടത്തില്‍ നിന്നും എനിക്ക് കിട്ടിയ അഭിനന്ദനങ്ങള്‍ മറക്കാന്‍ പറ്റില്ല.. എന്റെ സഹപ്രവര്‍ത്തകര്‍ എന്തിനും കൂടെയുണ്ട് എന്നും പറഞ്ഞു വിളിച്ചപ്പോള്‍ ഇനിയും കുറെ ദൂരം മുന്നോട്ടു പോവാന്‍ ഉണ്ടെന്നു തോന്നുന്നു.. ഈ സ്‌നേഹവാക്കുകള്‍ക്കു എത്ര നന്ദിപറഞ്ഞാലും മതിയാവില്ല..
മാതാ പിതാ ഗുരു ദൈവങ്ങള്‍ ഇതാണ് എന്റെ ശക്തി.. ഒന്നും പ്രതീക്ഷിച്ചിട്ടായിരുന്നില്ല ചെയ്തത് ഒന്നും.. ഇപ്പോള്‍ കിട്ടിയ ഈ പുരസ്‌കാരം എന്റെ മുന്നോട്ടുള്ള യാത്രക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്.. എന്നെ സ്‌നേഹിച്ച എല്ലാരോടും നന്ദിപറയുന്നതിനോടൊപ്പം ഈ പുരസ്‌കാരം ഞാന്‍ എന്റെ കുട്ടിക്ക് സമര്‍പ്പിക്കുന്നു (ശരണ്യക്ക്).