വരന്റെ കൈപിടിച്ച് മണ്ഡപത്തില്‍ നില്‍ക്കേണ്ട ഷിഫ, സ്റ്റെതസ്‌കോപ്പും നെഞ്ചിലേറ്റി ഐസൊലേഷന്‍ വാര്‍ഡില്‍

കാരശ്ശേരി: കൊറോണ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെ എല്ലാ ആഘോഷങ്ങളും ഉപേക്ഷിച്ച് വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. ഉത്സവങ്ങളും പെരുന്നാളുകളും വേണ്ടെന്ന് വെച്ചു. മാത്രമല്ല പലരും വിവാഹങ്ങളും മാറ്റി വെച്ചു. ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങി കൂടുമ്പോള്‍ അതിന് ഒട്ടും സാധിക്കാത്തത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആണ്. ഇത്തരത്തില്‍ ആടയാഭരണങ്ങളും ചേലയും അണിഞ്ഞ് വരന്റെ കൈ പിടിച്ച് വിവാഹ മണ്ഡപത്തില്‍ നില്‍ക്കേണ്ട ഡോക്ടര്‍ സ്റ്റെതസ്‌കോപ്പും പിടിച്ച് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ കര്‍മ നിരതയായി പ്രവര്‍ത്തിക്കുകയാണ്.

ഡോ. ഷിഫ എം മുഹമ്മദാണ് തന്റെ വിവാഹം മാറ്റിവെച്ച് കൊറോണ വാര്‍ഡില്‍ കര്‍മ നിരദയായി ജോലി ചെയ്യുന്നത്. ഷിഫയുടെ വിവാഹം നിശ്ചയിച്ച് വിവാഹത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി വരുമ്പോഴാണ് കൊറോണ വൈറസ് ഭീതി വിതച്ച് വ്യാപനം ആരംഭിച്ചത്. ഇതോടെ ഈ സാഹചര്യത്തില്‍ വിവാഹം അല്ല, കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധവും ചികിത്സയുമാണ് പ്രാധാന്യം എന്ന നിലപാടില്‍ ഷിഫ എത്തി ചേരുക ആയിരുന്നു.

മകളുടെ മഹാ മനസ്‌കത ഷിഫയുടെ കുടുംബം മനസിലാക്കുകയും തീരുമാനത്തെ അഭിമാനത്തോടെ പിന്തുണയ്ക്കുകയും ചെയ്തു. ഇതിന് വരന്റെ വീട്ടുകാരും പിന്തുണച്ചു. ഇതോടെ ഞായറാഴ്ച നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം നീട്ടി വയ്ക്കുക ആയിരുന്നു. നവ വധു ആകേണ്ട ഡോക്ടര്‍ ഷിഫ ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ മഹാമാരിക്ക് എതിരെ കര്‍മ്മ നിരതയായി പോരാടുക ആണ്.

എല്‍ ഡി എഫ് കോഴിക്കോട് ജില്ലാ കണ്‍വീനറും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ മുക്കം മുഹമ്മദിന്റെയും അധ്യാപികയായ സുബൈദയുടെയും മകളാണ് ഷിഫ. പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുകയാണ് ഷിഫ. വലിയപൊയില്‍ സാലിബ്ഖാന്റെയും സൗദാ ബീവിയുടെയും മകന്‍ അനസ് മുഹമ്മദും ആയുള്ള വിവാഹം മാര്‍ച്ച് 29ന് ഞായറാഴ്ച നടത്താന്‍ ആയിരുന്നു നിശ്ചയിച്ചത്. ക്ഷണക്കത്തും തയ്യാറാക്കി, ഒരുക്കങ്ങളും നടത്തി. അതിനിടയില്‍ ആണ് കൊറോണ വൈറസ് ബാധ പടരുന്നതും ലോക് ഡൗണ്‍ അടക്കമുള്ള അടിയന്തര സാഹചര്യത്തിലേക്ക് നാട് മാറിയതും. ശേഷം തന്റെ ചുമതലകളിലേയ്ക്ക് കടക്കുകയായിരുന്നു ഇവര്‍.