ആളുകൾ നിറംമാറുന്നത് കണ്ടിട്ടുണ്ട്, ഇതുപോലെ കുടുംബത്തെ മാറ്റുന്നത് ആദ്യമായി കാണുകയാണ്, രാഹുൽ ​ഗാന്ധിക്കെതിരെ സ്മൃതി ഇറാനി

ലക്നൗ: ആളുകൾ നിറംമാറുന്നത് കണ്ടിട്ടുണ്ട്. ഇതുപോലെ കുടുംബത്തെ മാറ്റുന്നത് ആദ്യമായി കാണുകയാണ്. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബമാണെന്ന് പ്രഖ്യാപിച്ച വയനാട് എംപി രാഹുലിനെ കടന്നാക്രമിച്ച് അമേഠി എംപി സ്മൃതി ഇറാനി.

വയനാട്ടിലെ ജനങ്ങളാണ് കൂടുതൽ വിശ്വസ്തരെന്ന് രാഹുൽ പറഞ്ഞു. എന്താണ് ഇതിനർത്ഥം? 15 വർഷത്തോളം അമേഠിയിലെ ജനങ്ങൾ കൊണ്ടുനടന്നത് യാതൊരു ​ഗുണവുമില്ലാത്ത എംപിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.അമേഠിക്ക് വേണ്ടി എന്തെങ്കിലും പ്രവർത്തിക്കുകയോ, എംപിയായി ജയിച്ചതിന് ശേഷം ഇവിടെയുള്ളവർക്ക് ഒന്ന് കാണാൻ പോലും കിട്ടുകയോ ചെയ്തിട്ടില്ല. എന്നിട്ടിപ്പോൾ അമേഠിയിലെ ജനങ്ങളുടെ വിശ്വാസ്യതയെ പഴിചാരിയിരിക്കുകയാണ് രാഹുൽ.

അമേഠിക്കാർ അത്രമാത്രം രാഹുലിനെ പിന്തുണച്ചിരുന്നു. എന്നിട്ടാണ് അമേഠിയിലെ ജനങ്ങളെക്കുറിച്ച് ഇത്തരമൊരു പരാമർശം നടത്തിയത്. വയനാട് ആണ് കുടുംബമെങ്കിൽ അമേഠി പിന്നെയെന്താണെന്ന് വ്യക്തമാക്കാൻ രാഹുൽ തയ്യാറാകണം. സ്മൃതി ഇറാനി പറഞ്ഞു.

മൂന്ന് തവണ അമേഠിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രാഹുൽ 2019ൽ സ്മൃതി ഇറാനിയോട് തോറ്റതോടെ വയനാട്ടിൽ നിന്നാണ് മത്സരിക്കുന്നത്. സിപിഐയുടെ ആനി രാജയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനുമാണ് വയനാട്ടിൽ രാഹുലിന്റെ എതിരാളികൾ. രാഹുലും ആനി രാജയും ഇൻഡി മുന്നണിയുടെ ഭാ​ഗമാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഡൽഹിയിൽ കെട്ടിപ്പിടിക്കുകയും കേരളത്തിൽ പോരടിക്കുകയും ചെയ്ത് ജനങ്ങളെ കബളിക്കുകയാണ് എൽഡിഎഫും യുഡിഎഫുമെന്നാണ് ബിജെപിയുടെ വിമർശനം.