കോട്ടയത്ത് വൃദ്ധ ദമ്പതികളെ പട്ടിണിക്കിട്ടും മുറിയില്‍ പൂട്ടിയിട്ടും മകന്റെ ക്രൂരത; പിതാവ് മരിച്ചു

കോട്ടയം മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളെ പട്ടിണിക്കിട്ടും മുറിയില്‍ പൂട്ടിയിട്ടും മകന്റെ ക്രൂരത. ശാരീരിക അവശതകളുള്ള മാതാപിതാക്കളെ ഭക്ഷണവും മരുന്നും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കോട്ടയം മുണ്ടക്കയം സ്വദേശിയായ റെജിയാണ് മാതാപിതാക്കളോട് ക്രൂരത കാണിച്ചത്.

ഭക്ഷണും വെള്ളവും കിട്ടാതെ അവശ നിലയിലായ പിതാവ് മരിച്ചു. റെജിയുടെ പിതാവ് എണ്‍പതു വയസ്സ് പ്രായമുള്ള പൊടിയനാണ് അവശ നിലയിലായതിനെത്തുടര്‍ന്ന് മരിച്ചത്.മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ട റജി അയല്‍വാസികള്‍ വീട്ടില്‍ പ്രവേശിക്കാതിരിക്കാന്‍ പട്ടിയേയും അഴിച്ചുവിട്ടിരുന്നു.

പൊടിയന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മാനസികനില തകരാറിലായ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനപ്രതിനിധികള്‍ ഇടപെട്ടാണ് മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.