‘വിടുതലൈ’യിൽ വിജയ് സേതുപതിയോടൊപ്പം മകൻ സൂര്യയും

 

വിജയ് സേതുപതിയുടെ പുതിയ ചിത്രമായ ‘വിടുതലൈ’യിൽ മകൻ സൂര്യയും അഭിനയിക്കുന്നുണ്ടെന്നു വാർത്ത. സംവിധായകന്‍ വെട്രിമാരന്‍ ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, ഭവാനി ശ്രീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

നാനും റൗഡി താൻ എന്ന സിനിമയിൽ 2015-ൽ വിജയ് സേതുപതിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ട് മകൻ സൂര്യ അഭിനയരംഗത്തേക്ക് കാലെടുത്ത് വെച്ചിരുന്നു. 2019ൽ സിന്ധുബാദ് എന്ന തമിഴ് സിനിമയിൽ അച്ഛനൊപ്പം സൂര്യ വീണ്ടും പ്രത്യക്ഷപ്പെടും ചെയ്തിരുന്നു. വിടുതലൈ’യിൽ ആദിവാസി കൗമാരക്കാരന്റെ വേഷത്തിലാണ് ജൂനിയർ സേതുപതി എത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ജയമോഹന്റെ ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നടന്നു, സിനിമയുടെ അവസാന ഷെഡ്യൂളിലാണ് വിജയ് സേതുപതിക്കൊപ്പം മകനും ചേരുന്നത്. സംവിധായകനും നടനുമായ ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘വിടുതലൈ’ ഒരു ക്രൈം ത്രില്ലറാണ്. ഈ വർഷാവസാനം ചിത്രം റിലീസിനെത്തും.