പക്ഷാഘാതം വന്നയാളെ ചിന്തകൾ കൊണ്ട് നടത്തിച്ച് ശാസ്ത്രലോകം

ഒരു സൈക്ലിംഗ് അപകടത്തിൽ വർഷങ്ങൾക്ക് കിടപ്പിലായ രോഗിയെ എഴുന്നേല്‍പ്പിച്ചു നടത്തി അദ്ഭുത നേട്ടവുമായി ശാസ്ത്രജ്ഞന്മാർ. 12 വർഷം മുമ്പ് നടന്ന ഒരു സൈക്ലിംഗ് അപകടത്തിൽ കാലുകൾ പൂർണമായും കൈകൾ ഭാഗീകമായും തളർന്നു പോയ നാൽപതു വയസുകാരനായ ഡച്ചുകാരൻ ഗെർട്ട്-ജാൻ ഓസ്‌കം തളര്‍ന്ന് കിടപ്പിലാവുകയായിരുന്നു. കഴുത്തിന്റെ സമീപത്ത് നട്ടെല്ലിനുണ്ടായ ക്ഷതമാണ് ഒസ്കമിനെ കിടപ്പുരോഗിയാക്കി മാറ്റുന്നത്. ഇലക്ട്രോണിക് ബ്രെയിൻ ഇംപ്ലാന്റുകളുടെ സഹായത്തോടെ ഇപ്പോൾ ഓസ്കമിന് വീണ്ടും നടക്കാൻ കഴിഞ്ഞിരിക്കുകയാണ്.

സ്വിറ്റ്സർലൻഡിലെ ഒരു കൂട്ടം ന്യൂറോ സർജന്മാരും ന്യൂറോ ശാസ്ത്രജ്ഞന്മാരുമാണ് ഓസ്കമിന്റെ ശരീരത്തില്‍ ബ്രെയിന്‍ – സ്‌പൈന്‍ ഇന്റര്‍ഫെയ്‌സ് പിടിപ്പിച്ച് പരീക്ഷണം നടത്തിയിരിക്കുന്നത്. തലച്ചോറും പരുക്കേറ്റ ഭാഗത്തിനു താഴെയുള്ള ഞരമ്പുകളുമായി ഡിജിറ്റലായി ആശയക്കൈമാറ്റം നടത്തുക വഴിയാണ് ശാസ്ത്രജ്ഞർ ഇത് ചെയ്തിരിക്കുന്നത്. ബ്രെയിന്‍ – സ്‌പൈന്‍ ഇന്റര്‍ഫെയ്‌സ് എന്നാണ് ഒസ്‌കമിന്റെ ശരീരത്തിൽ പിടിപ്പിച്ച ഉപകരണത്തിനുള്ള പേര്. ഇതിലൂടെ നടക്കുന്നതായി ചിന്തിച്ചപ്പോൾ തന്നെ ചിപ്പ് പ്രവർത്തിക്കുകയും ഓസ്‌കം നടക്കുകയും ചെയ്യും.

ലൊസാനിലെ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ഡോ.ജി കോർട്ടീനും സഹപ്രവർത്തകരും ചേർന്ന് തലച്ചോറിനും സുഷുമ്നാ നാഡിക്കും ഇടയിൽ നേരിട്ടുള്ള ന്യൂറോളജിക്കൽ ബന്ധം സൃഷ്ടിക്കുന്ന ഒരു ബ്രെയിൻ സ്‌പൈന്‍ ഇന്റർഫേസ് വികസിപ്പിക്കുകയും സ്ഥാപിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

2018ല്‍ ബ്രെയിന്‍-സ്‌പൈന്‍ ഇന്റര്‍ഫെയ്‌സ് എന്ന ഉപകരണവും കഠിനമായ പരിശീലനവും ഉണ്ടെങ്കിൽ നട്ടെലിന് ക്ഷതമേറ്റ ആളുകളെ എഴുന്നേൽപ്പിച്ച് നടത്താമെന്ന് തെളിയിച്ചിട്ടുണ്ട്. അന്ന് മുതൽ ഈ പരീക്ഷണത്തിനായി ഓസ്കമും തയ്യാറായി എത്തി. മൂന്ന് വർഷത്തിന് ശേഷം ഒസ്കാമിന്റെ പുരോഗതി കുറഞ്ഞെങ്കിലും പുതിയ സിസ്റ്റം പരീക്ഷിച്ചതോടെ ഇപ്പോഴത്തെ നേട്ടം കൈവരിക്കുകയാണ് ഉണ്ടായത്. പുതിയ സിസ്റ്റത്തിനു പ്രവർത്തിക്കാൻ ആവശ്യമായ ഒരു സ്‌പൈനൽ ഇംപ്ലാന്റ് ഒസ്കമിന്റെ ശരീരത്തിൽ 2018 മുതല്‍ തന്നെ ഉണ്ടായിരുന്നു. തലച്ചോറില്‍ വച്ച ഡിസ്‌കിന്റെ ആകൃതിയിലുള്ള ഉപകരണവും ഇംപ്ലാന്റും തമ്മിലാണ് ആശയകൈമാറ്റം സാധ്യമാവുക.

കഴിഞ്ഞ പത്ത് വർഷത്തോളമായി വീൽ ചെയറിന്റെ സഹായത്തോടെയാണ് ഓസ്‌കം ജീവിച്ചു വന്നിരുന്നത്. എന്നാൽ ബ്രെയിൻ സ്പൈൻ ഇന്റർഫേസ് വഴി പല തരത്തിലുള്ള ഭൂപ്രദേശങ്ങളിലൂടെ നടക്കാനും സ്റ്റെപ്പുകൾ കയറാനുമൊക്കെ ഒസ്കാമിന് സാധിച്ചു. ഓരോ ദിവസത്തെയും ആശ്രയിച്ച് കുറഞ്ഞത് 100 മീറ്റർ(ഏകദേശം 330 അടി) നടക്കാമെന്നും കുറച്ച് മിനിറ്റ് കൈകൾ ഉപയോഗിക്കാതെ നിൽക്കാമെന്നും തന്റെ ദൈനംദിന ജീവിതത്തിൽ ഇത് വളരെ ഉപയോഗപ്രദമായിരിക്കുകയാണെന്നും ആണ് ഓസ്‌കം പറഞ്ഞിരിക്കുന്നത്.