പുല്‍വാമയില്‍ സുരക്ഷ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ ഹന്‍ജിന്‍ രാജ്പോറയില്‍ സുരക്ഷ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുല്‍വാമ കേന്ദ്രീകരിച്ച് സൈന്യം തെരച്ചില്‍ നടത്തിവരികയായിരുന്നു. ഡ്രോണ്‍ ആക്രമണം ഉള്‍പ്പെടെ നടന്നതിന്റെ പശ്ചാത്തലത്തിലാണ് വ്യാപകമായ പരിശോധന സൈന്യം നടത്തുന്നത്. ഇതിനിടെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. പരിശോധനയ്ക്കിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് സൈന്യം പറയുന്നത്.

ആക്രമണത്തില്‍ ഒരു സൈനികന് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. അതിനിടെ അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്റെ ഡ്രോണ്‍ ബിഎസ്എഫ് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ 4.25 നാണ് ഡ്രോണ്‍ വെടിവച്ച് വീഴ്ത്തിയത്. ജമ്മുവിലെ അര്‍ണിയ സെക്ടറിലാണ് സംഭവം. ഡ്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ബി.എസ്.എഫ് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് ജമ്മുവിലെത്തുന്ന ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡി ജമ്മുവിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും.