യോഗിയിൽ യുപി കുതിക്കുന്നു; അഞ്ചര ലക്ഷം പുതിയ തൊഴിലവസരങ്ങൾ, ഒന്നരലക്ഷം കോടിയുടെ നിക്ഷേപമെത്തി

ലക്‌നൗ. യോഗിയുടെ കരുത്തിൽ വാണിജ്യ വ്യവസായ മേഖലയിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉത്തർപ്രദേശ് മാറി. സംസ്ഥാനത്തേക്ക് വൻ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ വൻ വിജയം നേടുകയാണെന്നത് കണക്കുകൾ നിരത്തി സർക്കാർ പറയുന്നു.

ഒന്നരലക്ഷം കോടി രൂപയ്‌ക്ക് മുകളിലാണ് നിക്ഷേപ പദ്ധതികൾ നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനായി ഒരുങ്ങി നിൽക്കുന്നതെന്ന് യോഗി പറഞ്ഞു. ഉത്തർപ്രദേശ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ആഗോള നിക്ഷേപ സമ്മേളനത്തിന് മുന്നോടിയായി ഉത്തർപ്രദേശ് വ്യവസായ – വാണിജ്യ – സാമ്പത്തിക വകുപ്പുകൾ മികച്ച ഏകോപനത്തോടെയാണ് പ്രവർത്തിച്ചു വരുന്നത്.

വിവിധ വൻകിട സ്ഥാപനങ്ങളുമായി 148 കരാറുകൾക്കായുള്ള ധാരണാപത്രങ്ങൾ ഇതിനകം യോഗി സർക്കാർ ഒപ്പിട്ടു. 315 മറ്റ് അപേക്ഷകൾ വരാനിരിക്കുകയാണ്. 148 കരാറുകളിലൂടെ മാത്രം 1.25 ലക്ഷം കോടിയാണ് സംസ്ഥാനത്ത് നിക്ഷേപിക്കപ്പെടുക. അതിലൂടെ സംസ്ഥാനത്ത് 5.5 ലക്ഷം തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെടുക -യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനം ലക്ഷമിടുന്നത് പത്തുലക്ഷം കോടിയുടെ നിക്ഷേപമാണെന്നും, രാജ്യം ആഗോള ലക്ഷ്യമാക്കി 5 ട്രില്യൺ അമേരിക്കൻ ഡോളർ നിക്ഷേപം വയ്‌ക്കുമ്പോൾ ഉത്തർപ്രദേശ് അതിന്റെ അഞ്ചിലൊരു ശതമാനം സമാഹരിച്ച് മാതൃക കാണിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരിക്കുകയാണ്.