മകന്റെ വിവാഹത്തിനായി വഴിപാടുകള്‍ നടത്താന്‍ ക്ഷേത്രത്തിലേക്ക് പോകും വഴി യാത്രയ്ക്കിടെ വഴിതെറ്റിയെത്തിയത് മരണം

വൈക്കത്ത് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് കാറിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചത് നാടിനെ നടുക്കിയ സംഭവമായിരുന്നു. വൈക്കം വെച്ചൂര്‍ റോഡില്‍ ചേരുംചുവട് പാലത്തിന് സമീപമാണ് നാടിനെ നടുക്കിയ അപകടം. ഉദയംപേരൂര്‍ പത്താംമൈല്‍ മനയ്ക്കപ്പറമ്പില്‍ വിശ്വനാഥന്‍ (62), ഭാര്യ ഗിരിജ (57), മകന്‍ സൂരജ് (32), വിശ്വനാഥന്റെ സഹോദരന്‍ സതീശന്റെ ഭാര്യ അജിത (49) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 5.50 ഓടെയായിരുന്നു അപകടം. കാര്‍ ബസിനടിയില്‍പ്പെട്ട നിലയിലായിരുന്നു.

ചേരുംചുവട് പാലത്തിന്റെ അപ്രോച്ച് റോഡില്‍ വച്ചായിരുന്നു അപകടം നടന്നത്. പ്രധാന റോഡിലേക്ക് വന്ന കാറില്‍ ബസ് ഇടിച്ചുകയറുകയായിരുന്നു. ബസിനടിയില്‍പ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

മകന്‍ സൂരജിന്റെ വിവാഹ കാര്യം ഒത്തുവന്നതോടെ കുടുംബക്ഷേത്രത്തിലേക്ക് വഴിപാട് നടത്താനായി പോവുകയായിരുന്ന ഉദയംപേരൂര്‍ മനയ്ക്കപ്പറമ്ബില്‍ വിശ്വനാഥനും കുടുംബവും. പുലര്‍ച്ചെയാണ് കാറില്‍ യാത്ര പുറപ്പെട്ടത്. വിശ്വനാഥനും ഭാര്യ ഗിരിജയും മകന്‍ സൂരജും വിശ്വനാഥന്റെ സഹോദരന്‍ സതീശന്റെ ഭാര്യ അജിതയും ചേര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഉദയംപേരൂര്‍ പത്താം മൈലിലെ വീട്ടില്‍നിന്ന് കാറില്‍ പുറപ്പെട്ടത്. സൂരജായിരുന്നു കാര്‍ ഓടിച്ചിരുന്നത്.

ക്ഷേത്രത്തിലേക്ക് പുറപ്പെട്ട കാര്‍ യാത്രയ്ക്കിടെ കവലയില്‍ വഴി തെറ്റുകയായിരുന്നു. വിശ്വനാഥനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ചേര്‍ത്തലയ്ക്കു പോകാനായി വൈക്കം പുളിഞ്ചുവട് ജംഗ്ഷനിലാണ് തിരിഞ്ഞത്. സൂരജ് ജംഗ്ഷനു മുമ്പ് നിറുത്തി വഴി ചോദിക്കുകയും ചെയ്തു. തുടര്‍ന്നാണ് ചേരുംചുവട് പാലത്തിലേക്കു കയറിയത്. പാലം കയറി ചേര്‍ത്തല ഭാഗത്തേക്കു തിരിയേണ്ടതിനു പകരം കാര്‍ നേരെ ചെമ്മനത്തുകര റോഡിലേക്കാണു നീങ്ങിയത്. അങ്ങനെ നാലു വഴികള്‍ വന്നു ചേരുന്ന കവലയ്ക്കു നടുവിലേക്ക് കാറെത്തി. ചേര്‍ത്തല ഭാഗത്തു നിന്നു വന്ന ബസ് കാറില്‍ ഇടിച്ചു കയറി. ജംഗ്ഷന്‍ ആയിരുന്നിട്ടും ബസ് വേഗം കുറയ്ക്കാതെ പാഞ്ഞെത്തുകയായിരുന്നു. ബസിലെ സ്ഥിരം ഡ്രൈവറിനു പകരം ഇന്നലെ പുതിയ ഡ്രൈവറാണ് ഓടിച്ചതെന്നും പറയുന്നു.

സി.സി.ടി.വി. ദൃശ്യങ്ങളില്‍ അപകടം വ്യക്തമായി കാണാം. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. വടംകെട്ടി ഇരുവാഹനവും വലിച്ചുമാറ്റിയശേഷം കാര്‍ വെട്ടിപ്പൊളിച്ച്‌ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ബസില്‍ യാത്രക്കാരില്ലായിരുന്നു. അപകടം നടന്നയുടന്‍ ബസ്ജീവനക്കാര്‍ ഓടിപ്പോയി.

ജില്ലാ സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനായ വിശ്വനാഥന്‍ വീടിനടുത്ത് പലചരക്ക് കട നടത്തി വരികയായിരുന്നു. ഉദയംപേരൂര്‍ മാങ്കായിക്കവലയില്‍ ‘ഇന്‍സ്പിയര്‍’ എന്ന സ്ഥാപനം നടത്തിവന്ന സൂരജായിരുന്നു ഉദയംപേരൂര്‍ ഗ്രാമത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേതടക്കം കംപ്യൂട്ടറുകള്‍ സര്‍വീസ് ചെയ്തിരുന്നത്.

പരീക്ഷക്കാലത്തൊക്കെ ഈ യുവാവിന്റെ സേവനം ഇല്ലാതെ സ്‌കൂളുകളില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുമായിരുന്നില്ല. ഭാര്യയും ജ്യേഷ്ഠനുമുള്‍പ്പെടെയുള്ളവരുടെ മരണ വാര്‍ത്തയറിഞ്ഞ് സതീശന് നെഞ്ചുവേദനയുണ്ടായി. ഉടന്‍ ആശുപത്രിയിലാക്കി.

ഉദയംപേരൂര്‍ ഐ.ഒ.സി.യിലെ തൊഴിലാളിയായ സതീശനും ഇവരുടെ കൂടെ പോകേണ്ടതായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ജോലിക്ക് കയറേണ്ടതിനാലാണ് ഒപ്പം പോകാതിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഉദയംപേരൂര്‍ മണകുന്നം സഹകരണ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡംഗമാണ് മരണമടഞ്ഞ അജിത സതീശന്‍.