ഗുജറാത്തിനെ ഇളക്കിമറിക്കാൻ വായു ചുഴലി… 3ലക്ഷം പേരെ ഒഴിപ്പിച്ചു, വിമാനത്താവളങ്ങൾ അടച്ചു

അഹമ്മദാബാദ്:വായു ചുഴലിക്കാറ്റ് അതിതീവ്രരൂപം പ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. വായുസേനയോട് വ്യോമനിരീക്ഷണത്തിനായി ഹെലികോപ്റ്ററുകൾ സജ്ജമാക്കാനും നിർദേശിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഏകദേശം 3 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. എഴുപതോളം ട്രെയിനുകൾ റദ്ദാക്കി. എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ സർവീസ് നടത്താനുള്ള ട്രെയിനുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

പോർബന്ദറിനും മഹുവയ്ക്കുമിടയിൽ വെരാവൽ ദിയു മേഖലയ്ക്കടുത്ത് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 165 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

കഴിഞ്ഞ ദിവസം വായു ചുഴലിക്കാറ്റിൽ ആദ്യത്തെ മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയിൽ അതിശക്തമായി വീശിയ കാറ്റിൽ ഹോർഡിങ് തകർന്ന് വീണാണ് 62കാരനായ ഒരാളാണ് മരിച്ചത്. മധുകർ നർവേകർ എന്ന കാൽനട യാത്രികനാണ് മരിച്ചത്.

ഇദ്ദേഹം ചർച്ച് ഗേറ്റ് റെയിൽവെ സ്റ്റേഷന് സമീപത്ത് കൂടി നടന്നുപോകുമ്പോൾ 81 അടി നീളവും 54 അടി വീതിയുമുള്ള മഹാത്മാ ഗാന്ധിയുടെ കൂറ്റൻ മ്യൂറൽ പെയിന്റിങിന്റെ ക്ലാഡിങ് താഴേക്ക് പതിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എല്ലാവരോടും സർക്കാർ നടപടികളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഗുജറാത്തിലെ അഡീ. ചീഫ് സെക്രട്ടറി പങ്കജ് കുമാർ അറിയിച്ചു. ജാഗ്രതാ നിർദേശം നൽകിയ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

വേണ്ടത്ര ദുരിതാശ്വാസക്യാമ്പുകൾ തുറക്കണമെന്നും കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകണമെന്നും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കണമെന്നും അധികൃതർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

വൈദ്യുതി, വാർത്താ വിനിമയം എന്നീ സൗകര്യങ്ങളും കുടിക്കാൻ ശുദ്ധമായ വെള്ളം ഉറപ്പാക്കുകയും ആശുപത്രികൾ സജ്ജമാക്കുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിലേതെങ്കിലുമൊന്നിന് തടസ്സം നേരിട്ടാൽ അടിയന്തരമായി ഇടപെടണമെന്നും നിർദേശമുണ്ട്.

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, ദാമൻ ദിയു എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവം പ്രതിഫലിക്കാനിടയുണ്ട്. ഇവിടങ്ങളിൽ കനത്ത മഴ പെയ്യുമ്പോൾ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

തീരദേശസംരക്ഷണ സേന, നാവിക, വായു, കരസേനകൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണത്തിനായി എല്ലാ സന്നാഹങ്ങളും തയ്യാറാക്കാനാണ് നിർദേശം.