എക്‌സാലോജിക്കിനെതിരെ മുൻപും നടപടി, ചട്ടങ്ങള്‍ പാലിക്കാതെ അടച്ചുപൂട്ടി, കമ്പനിക്കും വീണാ വിജയനും പിഴ ചുമത്തിയിരുനിന്നു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ പ്രതിക്കൂട്ടിലാക്കുകയാണ് എക്‌സാലോജിക്കിനെതിരെ ഉയരുന്ന പരാതികൾ. കമ്പനിക്കെതിരെ കേന്ദ്ര കോര്‍പറേറ്റകാര്യ മന്ത്രാലയം മുന്‍പും നടപടിയെടുത്തതിന്റെ വിവരങ്ങള്‍ കൂടി പുറത്തുവരികയാണ്. മുൻപ് ചട്ടങ്ങള്‍ പാലിക്കാതെ കമ്പനി അടച്ചുപൂട്ടിയതിന് പിഴ ചുമത്തിയിട്ടുണ്ട്.

എക്‌സാലോജിക്കിനും വീണാ വിജയനും ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തിയത് 2021 ഫെബ്രുവരിയിലായിരുന്നു. കമ്പനികാര്യ മന്ത്രാലയത്തെ അറിയിക്കാതിരുന്നടക്കമുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് എക്‌സാലോജിക് കമ്പനി അടച്ചുപൂട്ടിയത്. ഇത് കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയത്.

കൊവിഡ് സമയത്ത് അടച്ചുപൂട്ടുകയായിരുന്നെന്നാണ് എക്‌സാലോജിക് അറിയിക്കുന്നത്. 2019-2020ല്‍ കമ്പനി 17 ലക്ഷം രൂപയുടെ നഷ്ടത്തിലായിരുന്നെന്നും 2020ല്‍ കമ്പനി അടച്ചുപൂട്ടുന്നത് വരെ ഏഴ് ലക്ഷം രൂപ നഷ്ടമുണ്ടായിരുന്നെന്നുമാണ് അന്ന് എക്‌സാലോജിക് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് വീണയുടെ കമ്പനിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.