കേസ് പിൻവലിച്ചില്ലെങ്കിൽ താൻ മരിക്കും, വിജയ് ബാബുവിന്റെ ശബ്ദരേഖ പുറത്ത്

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദ രേഖ പുറത്ത്.

അതിജീവിതയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച് കേസില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ വിജയ് ബാബു വഴി തേടുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പണവും മറ്റും വിജയ് ബാബു ഓഫര്‍ ചെയ്തതായി അതിജീവിതയുടെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി വൈകാരിക തലത്തില്‍ സംസാരിച്ച് കേസ് പിന്‍വലിക്കാന്‍ അതിജീവിതയെ വിജയ് ബാബു പ്രേരിപ്പിക്കുന്നതാണ് ശബ്ദ രേഖ.

‘ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല. സത്യമായാണ് പറയുന്നത്. അച്ഛന്‍ പോയിട്ട് കുറച്ചുനാളെ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ല. ഞാന്‍ ഈ കുട്ടിക്ക് നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമ കൊടുത്തയാളാണ് ഞാന്‍.’- ശബ്ദ രേഖയിലെ വാക്കുകള്‍.

‘ഇതിനോടകം തന്നെ സംഭവം പുറത്തായി. ഞാന്‍ സമ്മതിക്കുന്നു. സൊല്യൂഷന്‍ ഉണ്ട്. ഞാന്‍ മാപ്പുപറയാം. ഞാന്‍ കാലുപിടിക്കാം. എന്നെ അവള്‍ തല്ലിക്കോട്ടേ. എന്തുവേണമെങ്കിലും ചെയ്‌തോട്ടെ. നാട്ടുകാരെ സെലിബ്രേറ്റ് ചെയ്യാന്‍ അനുവദിക്കരുത്. ട്രിഗര്‍ ചെയ്തു. മനുഷ്യനല്ലേ. വഴക്ക് ഉണ്ടാവില്ലേ?, സൊല്യൂഷന്‍ ഇല്ലേ? അതിന് പൊലീസ് കേസാണോ വേണ്ടത്. നാളെ കുട്ടിയുടെ അമ്മയ്ക്കും അച്ഛനും വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ?- ശബ്ദ രേഖയിലെ വിജയ് ബാബുവിന്റെ വാക്കുകള്‍ ഇങ്ങനെ.