കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് പ്രവചനം

മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിലെ ആകാശത്ത് മേഘവിസ്ഫോടനങ്ങൾ സംഭവിക്കുന്ന വിധത്തിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് പ്രവചനം. പ്രളയവും ഉരുൾപൊട്ടലും രൂക്ഷമാവുമെന്നും കൊച്ചി ശാസ്ത്ര, സാങ്കേതിക സർവകലാശാല കാലാവസ്ഥാ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

ഇക്കുറിയും വരും വർഷങ്ങളിലും അതിന്റെ പ്രത്യാഘാതമുണ്ടാവുമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. മേഘങ്ങൾ അതിഭീമമായ തോതിൽ ഏതെങ്കിലും മേഖലയിൽ കേന്ദ്രീകരിക്കുകയും പൊടുന്നനെ പെയ്തിറങ്ങുകയും ചെയ്യുന്നതാണ് മേഘവിസ്ഫോടനം. മണിക്കൂറിൽ ഒറ്റയടിക്ക് 100മില്ലീ മീറ്ററിൽ കൂടുതൽ മഴ പെയ്താൽ അത് മേഘവിസ്ഫോടനമാണ്.

ഇത് എവിടെ, എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിനാൽ പ്രവചനം അസാദ്ധ്യം. കേരളത്തിന് മുകളിൽ കഴിഞ്ഞ മൂന്നു വർഷവും ഇതിനിടയാക്കുന്ന കൂമ്പാര മേഘങ്ങൾ ഉപഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്‌ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷിന്റെ നേതൃത്വത്തിൽ ഗവേഷക വിദ്യാർത്ഥി എ.വി.ശ്രീനാഥ്, മലേഷ്യയിലെ സബാഹൈൽ യൂണിവേഴ്സിറ്റിയിലെ പി. വിജയകുമാർ, മയാമി യൂണിവേഴ്സിറ്റിയിലെ ബ്രേൻ മേപ്പാസ് എന്നിവരാണ് പഠനം നടത്തിയത്.