പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സേനയിലേക്ക്

വിവാഹവും വിവാഹ ബന്ധവും ഏവരും സ്വപ്‌നം കാണുന്നതാണ്. പലപ്പോഴും രാജ്യത്തെ സംരക്ഷിക്കുന്ന പട്ടാളക്കാര്‍ ഇത്തരം സ്വകാര്യ നിമിഷങ്ങളേക്കാള്‍ വില കല്‍പ്പിക്കുക തങ്ങളുടെ ജോലി ആയിരിക്കും. മാത്രമല്ല അത്തരത്തില്‍ അതിര്‍ത്തിയിലും മറ്റും കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് സ്വന്തം കുടുംബത്തോട് ഒപ്പം ജീവിക്കുവാനും സമയം ചിലവഴിക്കുവാനും വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ ലഭിക്കാറുള്ളൂ എന്നതും സത്യമാണ്. ഈ സാഹചര്യത്തില്‍ പുല്‍വാമയിലുണ്ടായ ആക്രണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സ്വീകരിച്ച നിലപാടും അവരുടെ നിശ്ചയദാര്‍ഢ്യവുമാണ് ഏവരെയും ആവേശത്തില്‍ ആഴ്ത്തുന്നത്. സേനയില്‍ ചേരാന്‍ ഒരുങ്ങുകയാണ് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ.

മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ നികിത കൗള്‍ ആണ് ഭര്‍ത്താവിന്റെ വീരമൃത്യുവിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ സൈന്യത്തില്‍ ചേരാന്‍ ഒരുങ്ങുന്നത്. ഇതിന് വേണ്ടിയുള്ള പരീക്ഷയും അഭിമുഖവും നികി പൂര്‍ത്തിയാക്കി. ഇപ്പോള്‍ സേനയില്‍ നിന്നുള്ള വിളി കാത്ത് ഇരിക്കുക ആണ് നികിത. കേവലം പത്തു മാസത്തെ ദാമ്പത്യ ജീവിതംം മാത്രമാണ് നികിതയ്ക്കും വിഭൂതിയ്ക്കും ജീവിച്ച് തീര്‍ക്കാന്‍ വിധി അനുവദിച്ചത്. ഭര്‍ത്താവിന്റെ മൃത ദേഹത്തിന് ജയ് ഹിന്ദ് പറഞ്ഞു കൊണ്ട് അന്തിമോപചാരം അര്‍പ്പിച്ച നികിതയുടെ വീഡിയോ കണ്ണീരോടെ രാജ്യം കണ്ടിരുന്നു.

ഭര്‍ത്താവിന്റെ വീരമൃത്യുവിന് ശേഷം സേനയില്‍ ചേരണം എന്ന നികിതയുടെ ആഗ്രഹത്തെ ആദ്യം വീട്ടുകാര്‍ എതിര്‍ത്തു എന്നാല്‍, ഇരുപത്തി എട്ടുകാരിയുടെ ദൃഢനിശ്ചയത്തിന് മുന്നില്‍ വീട്ടുകാര്‍ ഒടുവില്‍ കീഴടങ്ങി. ഭര്‍ത്താവിനോട് ഉള്ള തന്റെ പ്രണയം എക്കാലവും സൂക്ഷിക്കുന്നതിന് ആയിട്ടാണ് ഈ വഴി തിരഞ്ഞെടുത്തത് എന്ന് നികിത പറയുന്നു. ഭര്‍ത്താവിനോട് ഉള്ള ബഹുമാനമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പ്രണയ ദിനമായ ഫെബ്രുവരി 14നാണ് രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം ഉണ്ടായത്. ദേശീയപാതയില്‍ സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റിയാണ് സൈനികരെ ഭീകരര്‍ അപായപ്പെടുത്തിയത്. ഇതിന് മറുപടിയായി ഇന്ത്യ പാക് അതിര്‍ത്തി കടന്ന് ബലാക്കോട്ടിലെ തീവ്രവാദ ക്യാമ്പുകളില്‍ ബോംബ് വര്‍ഷം നടത്തിയിരുന്നു. നൂറുകണക്കിന് തീവ്രവാദികളെ കൊലപ്പെടുത്തിയാണ് സേന പ്രതികാരം വീട്ടിയത്.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മലയാളി ജവാനായ വി.വി വസന്തകുമാര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു മാസത്തെ അവധിക്കുശേഷമാണ് വസന്തകുമാര്‍ കാശ്മീരിലേക്കു മടങ്ങിയത്. പിതാവ് മരിച്ച് എട്ട് മാസം പിന്നിട്ടപ്പോഴായിരുന്നു വസന്തകുമാറിന്റെ മരണം. 2001ല്‍ സി ആര്‍ പി എഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു. രണ്ടു കുട്ടികളാണ് വസന്തകുമാറിന്. അവന്തിപോരയില്‍ സിആര്‍പിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് ഭീകരന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ വസന്ത് കുമാര്‍ ഉള്‍പ്പെടെ 44 ജവാന്‍മാരാണു കൊല്ലപ്പെട്ടത്. ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസുകള്‍ക്കു നേര്‍ക്ക് ഭീകരന്‍ 200 കിലോ സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.

കാഷ്മീര്‍ താഴ്വരയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോയ ജവാന്‍മാരാണ് ആക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. സിആര്‍പിഎഫിന്റെ 54ാം ബറ്റാലിയന്‍ ബസാണ് ആക്രമിക്കപ്പെട്ടത്. 78 ബസുകളാണ് ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോയ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. 2500ല്‍ അധികം ജവാന്മാര്‍ വാഹനങ്ങളിലുണ്ടായിരുന്നു.