കാമുകനെ തേടി ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ നീന്തിയെത്തി യുവതി, ഒടുവില്‍ നടന്നത്

പ്രണയത്തിന് അതിരുകള്‍ ഇല്ലെന്ന് പലപ്രാവശ്യം പലരും തെളിയിത്തിട്ടുള്ളതാണ്. സ്വന്തം കാമുകനെ കാണാനായി ഒരു രാജ്യത്ത് നിന്നും നീന്തി അയല്‍ രാജ്യത്ത് യുവതി എത്തിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ?. എന്നാല്‍ അങ്ങനെ ഒരു സംഭവമുണ്ടായി. കാമുകനെ കാണാനായി ബംഗ്ലാദേശില്‍ നിന്നും നീന്തി ഇന്ത്യയിലെത്തിയത് കൃഷ്ണ മണ്ഡല്‍ എന്ന യുവതിയാണ്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇന്ത്യക്കാരനായ യുവാവിനെ കാണാനായിട്ടാണ് 22കാരിയായ യുവതി ബംഗ്ലാദേശില്‍ നിന്നും നീന്തി ഇന്ത്യയില്‍ എത്തിയത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും ഒരു മണിക്കൂറോളം നീന്തി സുന്ദര്‍ബാന്‍ കാടുകള്‍ കടന്നാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച യുവതിയെ പോലീസ് പിന്നീട് പിടികൂടി.

റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബാനിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചതെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് നദിയില്‍ ഒരു മണിക്കൂറോളം നീന്തി ലക്ഷ്യസ്ഥാനത്തെത്തുകയായിരുന്നു.

എന്നാല്‍ കൃഷ്ണ വന്നത് വെറുതെയായില്ല. മൂന്ന് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വെച്ച് കൃഷ്ണയും കാമുകന്‍ അഭിക്കും വിവാഹിതരായി. എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയേക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.