പോപ്പുലർ ഫ്രണ്ട് റാലിയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചുകൊടുത്ത നേതാവ് അറസ്റ്റിലായി.

ജയ്പൂർ. രാജസ്ഥാനിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ കേസിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് സജീവ പ്രവർത്തകനും ഭിൽവാര ജില്ലാ മുൻ അദ്ധ്യക്ഷനുമായ അബ്ദുൾ സലാം ആണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു.

ആറ് മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുബുർബാൻ സംഗനേറിൽ സംഘടിപ്പിച്ച റാലിയിലാണ് പോപ്പുലർ ഫ്രണ്ട് നേതാവും സംഘവും പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുന്നത്. എന്നാൽ അന്ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ഭിൽവാര സ്വദേശികൾ പോലീസിൽ പരാതി നൽകിയിരുന്നു.

തിങ്കളാഴ്ചയാണ് വീഡിയോ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇതിൽ വീഡിയോ വ്യാജമല്ലെന്ന് വ്യക്തമായി. മറ്റുള്ളവർക്ക് പാക് അനുകൂല മുദ്രാവാക്യം ചൊല്ലി നൽകിയത് അബ്ദുൾ സലാം ആണ്. ഈ സാഹചര്യത്തിലാണ് ആദ്യം ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.500 ഓളം പേരാണ് റാലിയിൽ പങ്കെടുത്തത്. ഇവർ മുദ്രാവാക്യം മുഴക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഈ സാഹചര്യത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിൽ എടുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.