ആധാർകാർഡും വോട്ടർ പട്ടികയും ബന്ധിപ്പിച്ചു, കള്ള വോട്ടുകാർക്ക് പിടി വീഴുന്നു

ഇനി വോട്ട് ചെയ്യാൻ വോട്ടർ കാർഡ് മാത്രം പോരാ. ആധാർ കാർഡും വേണം. ആധാർ കാർഡിലെ കൈവിരൽ അടയാളം അടക്കം എല്ലാം പരിശോധിക്കും,
കൃത്യമായിരിക്കണം. കള്ള വോട്ടും ഇരട്ട വോട്ടും ഒന്നിലധികം വോട്ട് ഒരാൾ ചെയ്യുന്നതും തടയാനുള്ള ചരിത്ര പ്രധാനമായ നിയമം ലോക്സഭയിൽ പാസായി.എന്നാൽ ബില്ല് അവതരിപ്പിച്ച് പാസാക്കിയപ്പോൾ പ്രതിപക്ഷം ബഹളം വയ്ച്ചു. ബില്ലിനെതിരേ പ്രതിഷേധിക്കുകയായിരുന്നു.ശക്തമായ പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തിനിടയിലും നിയമമന്ത്രി കിരൺ റിജ്ജു അവതരിപ്പിച്ച ബിൽ ശബ്‌ദവോട്ടോടെയാണ് ‘ദ ഇലക്ഷൻ ലോസ്(അമൻമെന്റ്) ബിൽ 2021’ പാസായത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പൈലറ്റ് പ്രൊജക്‌ട് വിജയകരമായതോടെയാണ് ഭേദഗതി അവതരിപ്പിച്ചതെന്നും ഇത് നിലവിൽ വരുന്നതോടെ ഒരാൾക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാനാകൂവെന്നും സർക്കാർ പറഞ്ഞു.ഭേദഗതിക്കെതിരെ കോൺഗ്രസ്, എസ്.പി, എ.ഐ.എം.ഐ.എം എന്നീ പാർട്ടികൾ ശക്തമായ പ്രതിഷേധം തന്നെ നടത്തി. സർക്കാരിന്റെ നീക്കം പൗരന്മാരുടെ ഭരണഘടനാവകാശത്തെ ലംഘിക്കുന്നതാണെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ കള‌ളവോട്ടും ഇരട്ടവോട്ടും തടയാനാണ് ഈ നീക്കമെന്ന് കേന്ദ്രം വാദിക്കുന്നു.

മാത്രമല്ല ഇനി മുതൽ ഭൂമി വില്ക്കാനും വങ്ങാനും കൂടി ആധാർ കാർഡ് നിർബന്ധമാക്കും.വോട്ടർ കാർഡിൽ പേര് ചേർക്കാൻ ഇനി ആധാർ കാർഡ് നമ്പർ വേണം. തുടർന്ന് ആധാറിലെ വിവരങ്ങൾ പരിശോധിക്കും. രാജ്യത്ത് 4 കോടിയിലധികം അനധികൃത വോട്ടർമാർ ഉണ്ടെന്നാണ്‌ കണക്കുകൾ. നുഴഞ്ഞ് കയറിയ മറ്റ് രാജ്യക്കാർ വരെ ഉണ്ട് എന്നും പറയുന്നു.വോട്ട് ചെയ്യുന്നത് നിയമപരമായ അവകാശമാണെന്നും വോട്ടേഴ്‌സ് കാർഡും ആധാറും ബന്ധിപ്പിക്കുന്നത് തെറ്റാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. എന്നാൽ പ്രതിപക്ഷം തെറ്റിദ്ധരിക്കപ്പെട്ടെന്നും തങ്ങൾക്കൊപ്പം ചേരുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും മന്ത്രി കിരൺ റിജ്ജു അഭിപ്രായപ്പെട്ടു.