മരണക്കിടക്കയില്‍ നിന്നാണ് താന്‍ ജീവിതത്തിലേയ്ക്ക് വന്നത്; ഇത് തന്റെ രണ്ടാം ജന്മമാണെന്നും നിപയെ അതിജീവിച്ചെത്തിയ അജന്യ

കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയെ നിശ്ചലമാക്കിയാണ് കേട്ടു കേള്‍വി പോലുമില്ലാത്ത നിപ വൈറസ് ബാധ പടര്‍ന്നത്. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ എറണാകുളത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. നിപയില്‍ വീണ്ടും ആശങ്ക പടരുമ്പോള്‍ രോഗത്തെ അതിജീവിച്ച കോഴിക്കോട് സ്വദേശിയായ അജന്യ എന്ന നഴ്സിങ് വിദ്യാര്‍ഥിനി പറയുന്നതിങ്ങനെ:

മരണക്കിടക്കയില്‍ നിന്നാണ് താന്‍ ജീവിതത്തിലേയ്ക്ക് വന്നതെന്നും ഇത് തന്റെ രണ്ടാം ജന്മമാണെന്നും അജന്യ പറയുന്നു. എന്നാല്‍ നിപയെ പേടിക്കേണ്ടതില്ലെന്നും കഴിയുന്നത്ര മികച്ച ചികില്‍സയാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. അതുകൊണ്ടു തന്നെ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അജന്യ പറയുന്നു. നിപയില്‍ പേടി വേണ്ടെന്നും എന്നാല്‍ കരുതല്‍ വേണമെന്നും അജന്യ പറഞ്ഞു. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അജന്യ തനിക്ക് നിപ ബാധിച്ചതിനെ കുറിച്ചും രോഗത്തിനെ അതിജീവിച്ചതിനെ കുറിച്ചും പറഞ്ഞത്.

കോഴിക്കോട് സ്വദേശിയായ അജന്യ ഇന്റണ്‍ഷിപ്പിന്റെ ഭാഗമായാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തുന്നത്. അവിടെ നിന്ന് തിരിച്ച് ഹോസ്റ്റലില്‍ എത്തിയ ശേഷമാണ് പനി തുടങ്ങുന്നത്. സാധാരണ പനിയാണെന്നാണ് ആദ്യം കുതിയത്. എങ്കിലും ഡോക്ടറെ കണ്ടപ്പോള്‍ വീട്ടില്‍ പോയി വിശ്രമിച്ചുകൊള്ളാന്‍ പറഞ്ഞു. വീട്ടിലെത്തി പിറ്റേദിവസം പനി കൂടി. ഛര്‍ദ്ദിയും ക്ഷീണവും കാരണം തലപ്പൊക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. ദേഹമാസകലം അസഹനീയ വേദനയും തുടങ്ങി. മെയ് 18നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവിടെ നിന്നും മെഡിക്കല്‍ കൊളജിലേക്ക് വിട്ടു. ഇത്രയും സംഭവങ്ങള്‍ മാത്രമേ എനിക്ക് ഓര്‍മയുള്ളൂ. പിന്നീട് ഞാന്‍ കണ്ണ് തുറന്നത് 10 ദിവസം കഴിഞ്ഞാണ്.

ഡോക്ടറുമാരും നഴ്സുമാരുമെല്ലാം മാസ്‌ക്ക് ഒക്കെ ധരിച്ചാണ് അടുത്ത് നിന്നിരുന്നത്. ഐസിയുവില്‍ നിന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് എനിക്ക് നിപ്പയാണെന്ന് ഡോക്ടര്‍ പറയുന്നത്. നിപ്പ എന്താണെന്ന് പോലും അറിയില്ലായിരുന്നു. എന്നെക്കാള്‍ കൂടുതല്‍ വേദന അനുഭവിച്ചത് വീട്ടുകാരാണ്. എന്തുചെയ്യണമെന്ന് അറിയാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. വൈറസ് ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായി നീങ്ങിക്കഴിഞ്ഞാല്‍ ഭയക്കേണ്ട ആവശ്യമില്ല. എനിക്കിപ്പോള്‍ നിപയെ തുടര്‍ന്നുള്ള ശാരീരികാസ്വസ്ഥതകള്‍ യാതൊന്നുമില്ലെന്നും അജന്യ പറയുന്നു.

നിപ എന്താണെന്ന് പോലും അറിയാതെ നിപ വന്നയാളാണ് ഞാന്‍. എന്നിട്ടും ഞാന്‍ മരണത്തെ അതിജീവിച്ചില്ലേ. ഇപ്പോള്‍ നമുക്ക് അസുഖമെന്താണെന്നും അതിനുള്ള പ്രതിവിധിയെന്താണെന്നും അറിയാം. ഒരുവട്ടം പ്രതിസന്ധി മറികടന്നവരാണ് നമ്മള്‍. ഇനിയും അതീജവിക്കുക തന്നെ ചെയ്യുമെന്ന് അജന്യ പറയുന്നു.