
സ്വകാര്യ ചിത്രങ്ങൾ ആൺ സുഹൃത്ത് മറ്റുള്ളവരുമായി പങ്കുവച്ചതിന് പിന്നാലെ 20 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് ചർച്ചയായിരുന്നു. ഈ ഇരുപതാം നൂറ്റാണ്ടിലും മാനം എന്നാൽ പെണ്ണിൻ്റെ അരയ്ക്ക് കീഴോട്ട് എന്ന നിർവ്വചനം പൊതു സമൂഹം കാത്തു സൂക്ഷിക്കുന്നത് കൊണ്ടാണ് ഇത്തരം ആത്മഹത്യകൾ നടക്കുന്നതെന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവ്വതി പ്രഭീഷ്. പിഴച്ചവൾ ,പിഴപ്പിച്ചവൻ ഇത്യാദി പ്രയോഗങ്ങൾ കൊണ്ട് സമ്പന്നമാക്കപ്പെട്ട ഭാഷാപ്രയോഗങ്ങൾ ഉള്ളിടത്തോളം ഇവിടെ എന്ത് മാറ്റമാണ് ഉണ്ടാവുക? പെണ്ണിൻ്റെ മാനത്തിന് ബബിൾ ഗം, യൂസ് ആൻഡ് ത്രോ ടിഷ്യു പേപ്പർ ടൈപ്പ് സംജ്ഞ കൊണ്ടുള്ള അടയാളപ്പെടുത്തലുകൾ തുടർക്കഥയാവുമ്പോൾ മാനം എന്നാൽ പെണ്ണിൻ്റെ അരയ്ക്ക് കീഴോട്ട് തന്നെയാണ് നിർവ്വചനം. ! അതിനു മാറ്റം വരണമെങ്കിൽ ആൺമക്കൾ ഉള്ള അമ്മമാരിൽ നിന്നും തുടങ്ങണം ആ മാറ്റം. നിനക്ക് ഇല്ലാത്ത നാണവും മാനവും പെണ്ണിനില്ലെന്ന് അമ്മമാർ ആൺമക്കൾക്ക് പറഞ്ഞുകൊടുക്കണമെന്ന് അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു
കുറിപ്പിന്റെ പൂർണ്ണരൂപം
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മാനം എന്നാൽ പെണ്ണിൻ്റെ അരയ്ക്ക് കീഴോട്ട് എന്ന നിർവ്വചനം പൊതു സമൂഹം കാത്തു സൂക്ഷിക്കുന്നത് കൊണ്ടാണ് സ്വകാര്യ ചിത്രങ്ങൾ പുറത്ത് വീടും എന്ന ആൺ ഊറ്റത്തെ ഭയന്ന് പെണ്ണുടലുകൾ ഒരു മുഴം കയറിലോ ഒരു തുള്ളി വിഷത്തിലോ അഭയം തേടി ജീവൻ വെടിയുന്നത്. കഴിവിൻ്റെ അടിസ്ഥാനത്തിൽ പെണ്ണിനെ നോക്കി കാണാതെ കന്യകാത്വം കൊണ്ട് മാത്രം പെണ്ണിന് വിലയിടുന്ന പോങ്ങന്മാർക്കും അത്തരം പോങ്ങന്മാരെ ഊട്ടി വളർത്തി പെണ്ണ് സമം Virginity എന്നിറ്റിച്ചുക്കൊടുക്കുന്ന അമ്മമാർക്കും വംശനാശം വരാത്തിടത്തോളം ഇത്തരം ഊറ്റം ക്കൊള്ളലുകളും ആത്മഹത്യകളും തുടരും.
കൊലപാതകം ചെയ്യുമ്പോൾ ആൺ-പെൺ വ്യത്യാസം ഇല്ലാതെ ജെൻഡർ പൊളിറ്റിക്സ് നോക്കാതെ “കൊലപാതകി ” എന്നു വിളിക്കുന്ന സമൂഹം പക്ഷേ ഒരാണും പെണ്ണും ഒരുമിച്ച് കിടക്ക പങ്കിട്ടാൽ, അത് പെണ്ണിൻ്റെ മാത്രം പിഴയാക്കി മാറ്റുന്നതെന്ത് കൊണ്ടാണ്? അവൻ ചെയ്യാത്ത എന്ത് തെറ്റാണ് ഇതിൽ അവൾക്ക് മാത്രം ഉള്ളത്? അവനില്ലാത്ത എന്ത് മാനമാണ് അവൾക്ക് മാത്രം ഉള്ളത്? ചോദിക്കാനൊക്കെ എളുപ്പമാണ്. പക്ഷേ അത്തരമൊരു സന്ദർഭത്തിൽ വയറ്റിൽ മുളയ്ക്കുന്ന വിത്തിനെ ഭയക്കേണ്ടതും മറയ്ക്കേണ്ടതും അവളുടെ മാത്രം ഉത്തരവാദിത്വമായതിനാൽ തല്ക്കാലം ജെൻഡർ ഇക്വാളിറ്റിയൊന്നും ഈ വിഷയത്തിൽ വില പോവില്ല. അതിനാലാണ് ഇന്നും ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ദോഷം ഇലയ്ക്ക് എന്ന കൺസപ്റ്റിൽ നമ്മൾ കിടന്ന് ഉരുളുന്നത്. ചെളി കാണുന്നിടത്ത് അവൻ ചവിട്ടിയിട്ട് വെള്ളം കാണുമ്പോൾ കഴുകി വൃത്തിയാക്കാൻ അവന് മാത്രം പരമാധികാരം കൊടുത്തിരിക്കുന്ന ഒരു സമൂഹത്തിലായതിനാലാണ് പെണ്ണിന് നേരെ ഉള്ള ശാരീരിക ആക്രമണം പിഴപ്പിക്കലാവുന്നത്.
പ്രണയിക്കുമ്പോൾ നീയും ഞാനും പാടി ശരീരം കൊണ്ട് ഒന്നായ ശേഷം അവനിൽ നിന്നും മാറി പോകുമ്പോൾ സ്വകാര്യനിമിഷങ്ങൾ അവൾക്കു നേരെയുളള തുറുപ്പ് ചീട്ടാക്കാൻ അവന് കഴിയുന്നത് ഈ പെഴ – പെഴപ്പിക്കൽ കൺസപ്റ്റിന് വൻ മാർക്കറ്റ് ഉള്ളതിനാലാണ്. ഇതൊന്നും ഒരൊറ്റ ദിവസം കൊണ്ട് മാറുന്ന കാര്യങ്ങളല്ല. ആണുങ്ങൾക്ക് മാത്രം ബാധകമാവുന്ന, മാറേണ്ടുന്ന കാര്യവുമല്ല. പ്രണയിക്കുമ്പോൾ എല്ലാം തുറന്ന് കാണിച്ചാലേ പ്രണയമാകൂ എന്ന് പറയുന്നവൻ്റെ ഉള്ളിലിരുപ്പ് മനസ്സിലാക്കാൻ പെണ്ണിന് കഴിയണം. അഥവാ അതിന് കഴിഞ്ഞില്ലെങ്കിൽ നിനക്കില്ലാത്ത മാനമൊന്നും എനിക്കില്ലെടാ പുല്ലേ എന്ന് പറയാനുള്ള തൻ്റേടം ഉണ്ടാവണം. ! ഇത് രണ്ടിനും കഴിഞ്ഞില്ലെങ്കിൽ പിന്നെ പ്രേമമെന്ന കുടുക്ക് തലയിൽ ഇടാൻ പോകരുത്.
എത്രയൊക്കെ നവോത്ഥാനം വന്നുവെന്ന് പറഞ്ഞാലും എത്രയൊക്കെ പുരോഗമന പാതയിലാണെന്ന് പറഞ്ഞാലും പാട്രിയാർക്കി പൂർണ്ണമായും വിട്ടൊഴിയാത്ത സമൂഹത്തിന് മുന്നിൽ പെണ്ണ് ഒരല്പം മുൻകരുതൽ എടുക്കുക തന്നെ വേണം. സ്വന്തം സ്വാതന്ത്ര്യങ്ങളിലേക്ക് നടന്നു തുടങ്ങിയ ന്യൂ ജെൻ പെൺകുട്ടികൾ പാട്രിയാർക്കി പൊട്ടിച്ചുവെന്ന് കരുതി മുന്നോട്ടു പോകുന്നുണ്ടെന്നത് ശരി തന്നെ. സേഫ് സെക്സ് എന്തെന്നും സേഫ് പീരിയഡ് എന്നാലെന്തെന്നും തിരിച്ചറിഞ്ഞ ശേഷം മാത്രം വിലക്കുകളെ പൊട്ടിച്ചെറിയൂ. അല്ലാത്ത പക്ഷം പഴഞ്ചൊല്ലിലെ ” ഇല” മാത്രമായിരിക്കും നിങ്ങൾ. കാരണം പിഴവ് പറ്റിയാൽ ചേർത്തണച്ച് അത് സാരമില്ല, മൂവ് ahead എന്ന് പറയാൻ എത്ര അമ്മമാരും വീട്ടകങ്ങളും തയ്യാറാവും എന്നറിയില്ലല്ലോ.
പിഴച്ചവൾ ,പിഴപ്പിച്ചവൻ ഇത്യാദി പ്രയോഗങ്ങൾ കൊണ്ട് സമ്പന്നമാക്കപ്പെട്ട ഭാഷാപ്രയോഗങ്ങൾ ഉള്ളിടത്തോളം ഇവിടെ എന്ത് മാറ്റമാണ് ഉണ്ടാവുക? പെണ്ണിൻ്റെ മാനത്തിന് ബബിൾ ഗം, യൂസ് ആൻഡ് ത്രോ ടിഷ്യു പേപ്പർ ടൈപ്പ് സംജ്ഞ കൊണ്ടുള്ള അടയാളപ്പെടുത്തലുകൾ തുടർക്കഥയാവുമ്പോൾ മാനം എന്നാൽ പെണ്ണിൻ്റെ അരയ്ക്ക് കീഴോട്ട് തന്നെയാണ് നിർവ്വചനം. ! അതിനു മാറ്റം വരണമെങ്കിൽ ആൺമക്കൾ ഉള്ള അമ്മമാരിൽ നിന്നും തുടങ്ങണം ആ മാറ്റം. നിനക്ക് ഇല്ലാത്ത നാണവും മാനവും പെണ്ണിനില്ലെന്ന് അമ്മമാർ ആൺമക്കൾക്ക് പറഞ്ഞുകൊടുക്കുക. ! അതുപോലെ പെൺമക്കൾ ഉള്ള അമ്മമാർ ചെയ്യേണ്ടത് നിനക്ക് ഒരു പിഴവ് പറ്റിയാൽ തള്ളിക്കളയാതെ ചേർത്തു നിറുത്താൻ മറ്റാരുമില്ലെങ്കിൽ കൂടി അമ്മ ചുമൽ ഉണ്ടെന്ന ഉറപ്പാക്കൽ കൂടിയാണത്.