പതിനെട്ടാം വയസില്‍ വിവാഹം, അവരുടെ അടുത്ത് നിന്ന് മാറിയപ്പോള്‍ അടികിട്ടിയത് പോലെയായി, ആര്യ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം സുപരിചിതയാകുന്നത്. ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരിക്കെയാണ് ആര്യയെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ഇപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ചും മകളെ കുറിച്ചുമൊക്കെ ആര്യ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയി മാറിക്കൊണ്ടിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ആര്യയുടെ വാക്കുകള്‍ ഇങ്ങനെ, വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച ആളാണ് ഞാന്‍. എന്റെ പതിനെട്ടാമത്തെ വയസില്‍ വിവാഹം നടന്നു. ആ സമയത്താണ് അച്ഛനെയും അമ്മയെയും ഓര്‍ക്കുന്നതും മിസ് ചെയ്യുന്നതും. അതുവരെ എപ്പോഴും കൂടെ ഉണ്ടല്ലോ എന്ന ആത്മവിശ്വാസമായിരുന്നു. പെട്ടെന്ന് അവരുടെ അടുത്ത് നിന്നും മാറി പോയപ്പോഴാണ് എനിക്കും അവര്‍ക്കും അതൊരു അടി കിട്ടിയത് പോലെ തോന്നിയത്. അച്ഛനും എന്നെ മിസ് ചെയ്തിരുന്നു. ആ സമയത്താണ് ഞാനും അച്ഛനും തമ്മിലൊരു ബോന്‍ഡിങ് വരുന്നത്. പിന്നീടത് ഭയങ്കര ശക്തമായ ബോന്‍ഡിങ്ങിലേക്ക് എത്തി.

ഇപ്പോഴത്തെ കുട്ടികള്‍ നമ്മളെ പോലെയല്ല. അവര്‍ അമ്മമാരുടെ കാര്യത്തിലൊക്കെ ഇടപെടുന്നത് അത്ഭുതമാണ്. തന്റെ മകള്‍ക്കിപ്പോള്‍ ഒന്‍പത് വയസേയുള്ളു. അവള്‍ പറയുന്നതും ചെയ്യുന്നതുമായ ചില കാര്യങ്ങള്‍ കണ്ടാല്‍ നമ്മള്‍ അന്തം വിട്ടിരുന്ന് പോവും. ഒന്‍പത് വയസില്‍ ഞാനൊക്കെ എന്താണ് ചെയ്ത് കൊണ്ടിരുന്നതെന്ന് ഇപ്പോള്‍ ഓര്‍ക്കാറുണ്ട്. അവര്‍ ചിന്തിക്കുന്ന രീതി വേറെയാണ്. അത് ഏറെ അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്.

നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറമാണ് അവരുടെ ചിന്തകള്‍. ജനറേഷന്‍ മാറി വരുന്നതിന് അനുസരിച്ച് എല്ലാത്തിലും മാറ്റമുണ്ടാവുമെന്ന് കരുതുന്നു. നമ്മള്‍ കണ്ടോണ്ടിരുന്ന കാര്യങ്ങളല്ലല്ലോ ഇപ്പോള്‍ അവര്‍ കാണുന്നത്. അവര്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യമൊക്കെ വളരെ വ്യത്യസ്തമാണ്. കുട്ടികള്‍ വളരെ പെട്ടെന്ന് അതിനെ ഉള്‍കൊള്ളുന്നു. ഭയങ്കര പക്വതയുള്ളവരായിട്ടാണ് ഇപ്പോഴത്തെ പിള്ളേര്‍ പെരുമാറുന്നത്.