നിയമം ലംഘിച്ച് കൂടുതല്‍ യാത്രക്കാരെ കയറ്റിയ ബോട്ട് ആലപ്പുഴയില്‍ പിടിച്ചെടുത്തു

ആലപ്പുഴ. 30 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ടില്‍ 62 പേരെ കയറ്റി യാത്ര ചെയ്ത ബോട്ട് ആലപ്പുഴയില്‍ പിടിച്ചെടുത്തു. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ബോട്ട് കൂടുതല്‍ ആളുകളെ കയറ്റി സഞ്ചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പരിശോധരയില്‍ ബോട്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ബോട്ട് അടുപ്പിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ല.

തുടര്‍ന്ന് ടൂറിസം പോലീസ് സ്ഥലത്തെത്തിയാണ് ബോട്ട് തീരത്ത് അടുപ്പിച്ചത്. പിടിച്ചെടുത്ത ബോട്ട് ആരിയാടുള്ള സര്‍ക്കാര്‍ യാര്‍ഡിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെയാണ് ബോട്ട് പിടിച്ചെടുത്തത്. ബോട്ടില്‍ താഴെ 20 പോര്‍ക്കും അപ്പര്‍ ഡെക്കില്‍ 10 പേര്‍ക്കുമാണ് സഞ്ചരിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ നിയമം ലംഘിച്ച് 62 പേര്‍ ബോട്ടില്‍ സഞ്ചരിക്കുന്നതായി വ്യക്തമാകുകയായിരുന്നു. താനൂരില്‍ ബോട്ട് അപകടം ഉണ്ടായ ശേഷം ആലപ്പുഴയില്‍ പരിശോധന കര്‍ശനമാണ്.