മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറോട് കേസ് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങി, അടിമാലി ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എസ്.ഐക്ക് സസ്‌പെന്‍ഷന്‍

അടിമാലി: വാഹനപരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറോട് കേസ് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങി. അടിമാലി ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. എസ്.ഐ. മുജീബിനെയാണ് റേഞ്ച് ഐ.ജി സസ്‌പെന്‍ഡ് ചെയ്തത്.

കൊച്ചി-ധനുഷേ്കാടി ദേശീയപാതയില്‍ കഴിഞ്ഞ ആറിനായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ എത്തിയ കാർ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ഡ്രൈവര്‍ 1000 രൂപ ആവശ്യപ്പെടുകയായിരുന്നു.

400 രൂപ നേരിട്ടും 600 രൂപ സമീപത്തെ ബജി കടക്കാരന്റെ ഗൂഗിള്‍ പേ നമ്പറില്‍ പോലീസ് പറഞ്ഞ പ്രകാരം നല്‍കി. വാഹനത്തിലുണ്ടായിരുന്നവര്‍ എസ്.പി.ക്ക് രേഖകള്‍ സഹിതം പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇടുക്കി ഡിവൈ.എസ്.പി. നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.