പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച അറിയിപ്പ് നിയമസഭ നൽകി. ഇത് സംബന്ധിച്ച തുടര്‍നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കും.

അതേസമയം വിഷയത്തില്‍ സിപിഎം ചര്‍ച്ചകള്‍ ആരംഭിച്ചു. ഉപതിരഞ്ഞെടുപ്പ് അധികം വൈകില്ലെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളിയിലും ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ഉണ്ടെങ്കില്‍ ആറു മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടം.

അതേസമയം സിപിഎമ്മില്‍ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷമായിരിക്കും എടുക്കുക. അതേസമയം ജനപ്രതിനിധികളും നേതാക്കളും മരണപ്പെടുമ്പോള്‍ അവരുടെ കുടുംബത്തില്‍ നിന്നും പിന്‍ഗാമിയെ കണ്ടെത്തുന്നതാണ് യുഡിഎഫ് രീതി. കേരള നിയമസഭയില്‍ ഇതുവരെ 65 ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ഒന്‍പത് ഉപതിരഞ്ഞെടുപ്പാണ് നടന്നത്.