മേയറുടെ കത്ത് വിവാദം; ആരെയും പ്രതി ചേർക്കാതെ ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ ആരെയും പ്രതി ചേർക്കാതെ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജരേഖാ ചമയ്ക്കല്‍ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തു. ഔദ്യോഗിക ലെറ്റര്‍ പാഡില്‍ വ്യാജ ഒപ്പോട് കൂടി തയാറാക്കിയ വ്യാജ കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് എഫ്ഐആറിലെ പരാമര്‍ശം.

മേയറുടെ പരാതിയില്‍ എടുത്തിരിക്കുന്ന കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ കത്ത് പ്രചരിപ്പിച്ചത് മേയറെയും കോര്‍പ്പറേഷനെയും പൊതുമധ്യത്തില്‍ ഇകഴ്ത്തിക്കാട്ടാനും സത്കീര്‍ത്തി നശിപ്പിക്കാനാണെന്നും എഫ്ഐഐറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസെടുക്കാതെ കത്തിന്റെ നിജസ്ഥിതി കണ്ടെത്താനാവില്ലെന്ന് പ്രാഥമിക പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടർന്നാണ് കേസെടുത്ത് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്.

പ്രാഥമിക പരിശോധന നടത്തിയ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് തന്നെയാണ് വിശദ അന്വേഷണത്തിന്റെയും ചുമതല.