മോദി നിരക്ഷരനെന്ന്, രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയെന്നും; പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പറഞ്ഞ് കര്‍ണ്ണാടക കോണ്‍ഗ്രസ് ഔദ്യോഗിക ട്വീറ്റ്. ‘കോണ്‍ഗ്രസ് സ്കൂളുകള്‍ നിര്‍മിച്ചു. എന്നാല്‍ മോദി പഠിച്ചിട്ടില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനും കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. എന്നാല്‍ മോദി അപ്പോഴും പഠിച്ചിട്ടില്ല. രാജ്യം മോദിയുടെ നിരക്ഷരത മൂലം ഉഴലുകയാണ്’- എന്നായിരുന്നു ​കോണ്‍ഗ്രസ് പങ്കുവച്ച ട്വീറ്റ്.

ട്വീറ്റിലെ പരാമര്‍ശം ‘സിവില്‍ പാര്‍ലമെന്ററി ഭാഷാ’ നിലവാരത്തിലുള്ളതായിരുന്നില്ല. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ മുഖേന പുതിയ സോഷ്യല്‍ മീഡിയ മാനേജര്‍ നടത്തിയ അപരിചിതമായ ട്വീറ്റില്‍ ഖേദിക്കുകയും പിന്‍വലിക്കുകയും ചെയ്തു എന്നും ശിവകുമാര്‍ ട്വീറ്റ് ചെയ്തു.

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ട്വീറ്റ് പിന്‍വലിച്ച്‌ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു. പുതിയ സോഷ്യല്‍ മീഡിയ മാനേജറാണ് അപരിഷ്കൃതമായ ട്വീറ്റ് പങ്കുവച്ചെതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു. വിവാദ പോസ്റ്റിനെ തള്ളി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറും രംഗത്തെത്തി.

അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ‘ആരാണ് രാഹുല്‍ ഗാന്ധി?. ഞാനത് പറയുന്നില്ല. രാഹുല്‍ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളില്‍ വന്നതുമാണ്. ഒരുപാര്‍ട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’ – നളിന്‍ കുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെതിരേ ബിജെപി നേനേതാവിന്റെ വിവാദ പ്രസ്താവന. രാഹുലിനെതിരേ നളിന്‍ കുമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു.