അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് കോണ്‍ഗ്രസ്

സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ജൂണില്‍ പുതിയ അധ്യക്ഷനെ നിയോഗിക്കാന്‍ തീരുമാനമെടുത്ത് കോണ്‍ഗ്രസ്. സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സമയപരിധി ആറ് മാസം കൂടി ദീര്‍ഘിപ്പിക്കുന്ന കാര്യം എ.ഐ.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇതിനായി താത്ക്കാലിക അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു. രാഹുല്‍ ഗാന്ധി സംഘടനാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് സൂചന.

അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമാനിച്ചത് ആറുമാസത്തിനുള്ളില്‍ സ്ഥിരം അധ്യക്ഷനെ നിയോഗിക്കാനായിരുന്നു. അതിന് സാധിക്കാത്തതിനാലാണ് ഇതിനായുള്ള സമയപരിധി പ്രവര്‍ത്തക സമിതി ആറ് മാസം കൂടി ദീര്‍ഘിപ്പിച്ചു. അതുവരെ സോണിയാ ഗാന്ധി തന്നെ താത്ക്കാലിക അധ്യക്ഷയായി തുടരും. മേയ്ജൂണ്‍ മാസങ്ങളില്‍ പൂര്‍ത്തിയാകും വിധം സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമാനിച്ചു.

ഓണ്‍ലൈനായി ചേര്‍ന്ന ഇന്നത്തെ പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങള്‍ ഒണ്‍ലൈനായി തന്നെ കടുത്ത വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ?ഗെഹ് ലോട്ട് രൂക്ഷമായ ഭാഷയിലാണ് വിമതപക്ഷത്തെ കടന്നാക്രമിച്ചത്. ഗുലാം നബി ആസാദും ആനന്ദ് ശര്‍മ്മയും ഉള്‍പ്പെട്ട ജി.23 അസമയത്ത് വിമര്‍ശനം ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി, വിമതരും ശക്തമായ ഭാഷയില്‍ വിമര്‍ശങ്ങളെ പ്രതിരോധിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കണം എന്ന കാര്യത്തില്‍ ഇരു പക്ഷത്തിനും തര്‍ക്കം ഉണ്ടായിരുന്നില്ല. താന്‍ തെരഞ്ഞെടുപ്പിനെ നേരിടും എന്ന് തോന്നിപ്പിക്കും വിധമായിരുന്നു രാഗഹുല്‍ ഗാന്ധിയുടെയും പ്രതികരണം.