കർഷകന്റെ കൃഷിക്ക് വിലക്കേർപ്പെടുത്തി സിപിഎം, ജോലി നിർത്തിയ ടാപ്പിംഗ് തൊഴിലാളിക്ക് വീട് വയ്ക്കാൻ സ്ഥലം നൽകിയ കർഷകനാണ് ദുരിതത്തിൽ

കണ്ണൂര്‍ കീഴ്പള്ളിയില്‍ തൊഴിലാളി പ്രശ്‌നം മൂലം കര്‍ഷകന്‍ ദുരിതത്തില്‍. മുമ്പ് കര്‍ഷകന്റെ സ്ഥലത്ത് ജോലി ചെയ്തിരുന്ന തൊഴിലാളിയും സിഐടിയുവും ചേര്‍ന്നാണ് കര്‍ഷകന്റെ കൃഷിയിടം പൂട്ടിച്ചിരിക്കുന്നത്. തനിക്കൊപ്പം വര്‍ഷങ്ങളോളം ജോലി ചെയ്ത തൊഴിലാളി ജോലിനിര്‍ത്തിയപ്പോള്‍ 11 സെന്റ് സ്ഥലം റോഡ് വയ്ക്കുവനായി നല്‍കി. വീട്ടിലേക്ക് വഴിയും നല്‍കി. ഇപ്പോള്‍ പഴയ തൊഴിലാളിയും സിപിഎം നേതാക്കളും ചേര്‍ന്ന് കര്‍ഷകനെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ഇതുമൂലം എട്ട് ഏക്കറോളം വരുന്ന കൃഷി സ്ഥലം ഉപയോഗിക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് കര്‍ഷകന്‍ പറയുന്നു. ഇത് മൂലം മകളുടെ വിദ്യാഭ്യാസം അടക്കം മുടങ്ങിയ അവസ്ഥയിലാണ്. തൊഴിലാളിയുടെ വീട്ടിലേക്ക് നല്‍കിയ വഴി എഴുതി നല്‍കണമെന്നാണ് ഇപ്പോള്‍ തൊഴിലാളിയുടെ ആവശ്യം. ഒപ്പം രണ്ടര ലക്ഷം രൂപയും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

പഴയ റബ്ബര്‍ മുറിക്കുന്നതും റബ്ബര്‍ വെട്ടുന്നതും സിഐടിയുവും ഈ തൊഴിലാളിയും ചേര്‍ന്ന് തടഞ്ഞിരിക്കുകായണ്. നേരിട്ട് തൊഴിലാളി വന്ന് വഴി വേണമെന്ന് പറഞ്ഞിട്ടില്ലെന്നും സിപിഎം നേതാക്കളെ കൊണ്ട് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും കര്‍ഷകന്‍ പറയുന്നു.