മുംബൈയില്‍ 1,034 കോടിയുടെ ഭൂമി ഇടപാടിൽ സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ്.

 

മുംബൈ/ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷതയിലായിരിക്കെ ഉദ്ധവ് താക്കറെ വിഭാഗത്തിലെ പ്രമുഖ നേതാവും ശിവസേനയുടെ രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ്. മുംബൈയില്‍ 1,034 കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആണ് ഇഡി നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള കലാപം ഇഡിയുടെയും സിബിഐയുടെയും മറ്റ് കേന്ദ്ര ഏജന്‍സികളുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന് താക്കറെ വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിറകെയാണ് സഞ്ജയ് റാവുത്തിന് ഇഡി നോട്ടീസ് കിട്ടിയിരിക്കുന്നത്. ഇതിനിടെ മഹാരാഷ്ട്രയിലെ ഒമ്പത് വിമത മന്ത്രിമാരുടെ വകുപ്പുകൾ ഉദ്ധവ് താക്കറെ ഏറ്റെടുത്തു. 5 ക്യാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരും വിമത നേതാവ് ഏകനാഥ് ഷിൻഡെക്കൊപ്പമാണ്.

അതേസമയം, “തെരുവ് പോരാട്ടത്തിനും നിയമപോരാട്ടത്തിനും” തന്റെ പാർട്ടി തയ്യാറാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് തിങ്കളാഴ്ച രാവിലെ പറയുകയുണ്ടായി. അസമിൽ നിന്ന് 40 മൃതദേഹങ്ങൾ വരുമെന്നും പോസ്റ്റ്‌മോർട്ടത്തിനായി നേരിട്ട് മോർച്ചറിയിലേക്ക് അയക്കുമെന്നും വിമത എംഎൽഎമാരെ പരാമർശിച്ച് ഞായറാഴ്ച റാവത്ത് നടത്തിയ പരാമർശത്തിൽ, താൻ നിയമസഭാംഗങ്ങളുടെ “മരിച്ച മനഃസാക്ഷി”യെക്കുറിച്ചാണ് സംസാരിച്ചതെന്നും, ഇപ്പോൾ “ജീവനുള്ള ശവങ്ങൾ”- അതിനെപ്പറ്റിയാണ് പറഞ്ഞതെന്നും പറഞ്ഞു..

ഞാൻ ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടില്ല. വിമത എംഎൽഎമാരുടെ മനഃസാക്ഷി മരിച്ചുവെന്നും നിങ്ങൾ ജീവനുള്ള ശവമാണെന്നുമുള്ള വസ്തുത മാത്രമാണ് ഞാൻ പറഞ്ഞത്. “ഇതൊരു നിയമപോരാട്ടവും തെരുവുയുദ്ധവുമാണ്. അത് നടക്കും, പാർട്ടി അതിന് തയ്യാറാണ്, ”റാവത്ത് പറയുകയുണ്ടായി.