മട്ടുപ്പാവിൽ കഞ്ചാവ് കൃഷി, ഉപയോഗിക്കുന്നത് ജൈവവളവും; യുവാവ് പിടിയില്‍

കൊച്ചി: ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പറവൂര്‍ ചിറ്റാറ്റുകരയില്‍ തയ്യേത്ത് സിജോ(26)യാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീടിന്റെ ടെറസില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികളുണ്ടായിരുന്നു.

പ്ലാസ്റ്റിക് ബക്കറ്റുകളില്‍ മണ്ണ് നിറച്ചായിരുന്നു കൃഷി. ചെടിയുടെ വളര്‍ച്ചയ്ക്കായി ജൈവവളവും പ്രയോഗിച്ചിട്ടുണ്ട്. ഒരു ചെടി വെട്ടി ഉണക്കാനിട്ട രീതിയിലും കണ്ടെത്തി. ഇതോടൊപ്പം ചെറിയ തൈകളും കണ്ടെത്തിയിട്ടുണ്ട്.

രഹസ്യവിവരത്തെ തുടര്‍ന്ന് വടക്കേക്കര സി.ഐ. സൂരജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് സിജോ പിടിയിലായത്. പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. മത്സ്യബന്ധനവും പെയിന്റിങ് ജോലിയും ചെയ്തിരുന്ന ആളായിരുന്നു പ്രതി.