പ്രേതബാധയെന്നാരോപിച്ചു 25കാരിയെ മന്ത്രവാദി ചുട്ടുപഴുപ്പിച്ച ഇരുമ്പ് കൊണ്ട് അടിച്ചുകൊന്നു

ഗുജറാത്തിലെ ദ്വാരകയിൽ പ്രേതബാധയുണ്ടെന്ന് ആരോപിച്ചു 25കാരിയെ തല്ലിക്കൊന്നു. മന്ത്രവാദിയും ബന്ധുക്കളും ചേർന്ന് ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങല കൊണ്ട് യുവതിയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മിഥാപൂര്‍ താലൂക്കിലെ ആരംഭദ ഗ്രാമത്തില്‍ താമസിക്കുന്ന റമീല സോളങ്കി എന്ന യുവതിയാണ് മരിച്ചത്.

ബുധനാഴ്ച ഭര്‍ത്താവിനൊപ്പം നവരാത്രി ആഘോഷിക്കുന്നതിനായി ഓഖമാധി ഗ്രാമത്തിലേക്ക് പോയിരുന്നു. അതിനിടെ റമീലയ്ക്ക് പെട്ടന്ന് വിറയല്‍ വന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രവാദി യുവതിയില്‍ ബാധകയറിയതാണെന്നും ദേവി കോപിച്ചതാണെന്നും ബന്ധുക്കളോട് പറഞ്ഞു. ബാധ ഒഴിപ്പിക്കന്‍ അവളെ അടിക്കാന്‍ ബന്ധുക്കളോട് മന്ത്രവാദി പറഞ്ഞു. ഇല്ലെങ്കില്‍ അവൾ എല്ലാവരെയും കൊല്ലുമെന്നും പറഞ്ഞു. ഇതേതുടര്‍ന്ന് വിറക് കൊള്ളിക്കൊണ്ടും ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങലക്കൊണ്ടും യുവതിയെ ക്രൂരമായി അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മന്ത്രവാദിയും യുവതിയുടെ ബന്ധുക്കളുമാണ് അറസ്റ്റിലായത്.