ഇന്ന് കറുത്തവളുടെ കഥ പറയാന്‍ വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം, ഹരീഷ് പേരടി പറയുന്നു

മലയാള സിനിമയില്‍ നായികമാര്‍ എന്ന് കേള്‍ക്കുമ്പോഴേ വെളുത്ത് തുടുത്തവരെയാണ് ഏവരും മനസില്‍ കരുതുന്നത്. കളര്‍ കുറച്ച് കുറവാണെങ്കില്‍ മേക്ക്അപ്പ് ഇട്ട് വെളുപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പഴയകാലത്ത് മലയാള സിനിമയില്‍ നിറം കുറഞ്ഞവരും നായികമാരായി തിളങ്ങിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് കറുത്ത സൗന്ദര്യം എവിടെയോ നഷ്ടപ്പെട്ട് പോയെന്ന് പറയുകയാണ് നടന്‍ ഹരീഷ് പേരടി.

പത്മരാജന്‍, കെ.ജി ജോര്‍ജ്ജ് എന്നിവരുടെ സിനിമകളില്‍ അഭിനയിച്ച സൂര്യ എന്ന നടി ഒരു കാലത്ത് മലയാളികളുടെ സൗന്ദര്യ സങ്കല്‍പ്പത്തിന്റെ പ്രതീകമായിരുന്നു. പിന്നീട് സിനിമ മാറിയപ്പോള്‍ കറുത്ത നായികകള്‍ ഇല്ലാതായി. ഇന്ന് കറുത്തവളുടെ കഥ പറയാന്‍ വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സില്‍ നായികാ സങ്കല്‍പമുണ്ടാക്കിയ സംവിധായകന്‍. പിന്നിട് കറുത്ത നിറമുള്ള പെണ്‍കുട്ടികളെ കാണുമ്‌ബോള്‍ ബഹുമാനം ഉണ്ടാക്കിയ കലാകാരന്‍. അന്നത്തെ കാമുകന്‍മാര്‍ക്ക് കാമുകി ഒരു ഭരതന്‍ ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു. സൂര്യ എന്ന നടി പറങ്കി മലയിലൂടെ വളര്‍ന്ന് ആദാമിന്റെ വാരിയെല്ലില്‍ എത്തുമ്‌ബോഴേക്കും കലയും കച്ചവടവും നടക്കുന്ന സിനിമാ സൗന്ദര്യബോധമായി അത് മാറിയിരുന്നു. ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു.

ഇപ്പോള്‍ കറുത്ത നായകന്റെ കഥകള്‍ പറയാനും നായികക്ക് വെളുപ്പ് നിര്‍ബന്ധമാണ്. വെളുത്ത നായകന്‍ ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാന്‍ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്. അയ്യപ്പന്‍ നായരുടെ ഭാര്യ കറുത്തവളാവന്‍ പോലും ഒരു കാരണമുണ്ട്. അയാള്‍ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം. നമ്മുടെ വെളുത്ത നടി നടന്‍മാര്‍ നമുക്ക് വേണ്ടി എത്ര കഷട്ടപെടുന്നുണ്ട് ല്ലേ?.

https://www.facebook.com/hareesh.peradi.98/posts/786589791881372