ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കരിനോട് വിശദീകരണം തേടി. പുരസ്‌കാര നിര്‍ണയത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് അനവിശ്യമായി ഇടപെട്ടുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

നാല് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് ആവശ്യം. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അവാര്‍ഡിനായി മത്സരിച്ച ഫീച്ചര്‍ ഫിലിം ആകാശത്തിന് താഴെയുടെ സംവിധായകന്‍ ലിജീഷ് മുള്ളേഴത്താണ് കോടതിയെ സമീപിച്ചത്. അതേസമയം പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് സംവിധായകന്‍ വിനയന്‍ ആരോപിച്ചിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ ബോധപൂര്‍വം തഴയാന്‍ രഞ്ജിത്ത് ജൂറി അംഗങ്ങളോട് പറഞ്ഞുവെന്നാണ് വിനയന്റെ ആരോപണം. ഇതിന് സാധൂകരിക്കാന്‍ നേമം പുഷ്പരാജിന്റെ ഫോണ്‍ സംഭാഷണം വിനയന്‍ പുറത്ത് വിട്ടിരുന്നു.