അതിര് കടന്ന് ഹോളി ആഘോഷം, സ്‌കൂട്ടറില്‍നിന്ന് വീണ് പെണ്‍കുട്ടിക്ക് പരിക്ക്, കേസെടുത്തു, വന്‍ പിഴ

ന്യൂഡല്‍ഹി : ഹോളി ആഘോഷം അതിര് കടന്നതോടെ കേസെടുത്ത് പോലീസ്. സ്‌കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തി റീല്‍സ് പോസ്റ്റ് ചെയ്ത യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. പ്രീതി, വിനീത, പീയുഷ് എന്നിവര്‍ക്കെതിരെയാണ് നോയിഡ പോലീസ് കേസെടുത്തത്. സ്‌കൂട്ടര്‍ ഉടമയായ വിനീതയ്ക്ക് 80,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

പ്രീതിയും വിനീതയും പീയുഷും ഒരുമിച്ചുള്ള ഇന്‍സ്റ്റഗ്രാം റീല്‍സ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാ യിരുന്നു. ഹോളി ആഘോഷങ്ങളോടനുബന്ധിച്ചാണ് മൂവരും ചേര്‍ന്ന് റീല്‍സ് ചിത്രീകരിച്ച് പോസ്റ്റ് ചെയ്തത്. ഇതില്‍ സ്‌കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തിയുള്ള റീല്‍സാണ് കേസെടുക്കാന്‍ കാരണമായത്.

പീയുഷ് വാഹനമോടിക്കുകയും രണ്ട് യുവതികള്‍ സ്‌കൂട്ടറിന് പിറകില്‍ അനോന്യം നോക്കിയിരിക്കുന്നതും പരസ്പരം കെട്ടിപ്പുണരുന്നതുമാണ് ഈ വീഡിയോയിലുണ്ടായിരുന്നത്. യുവാവ് സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ യുവതി സീറ്റില്‍ കയറിനിന്ന് അഭ്യാസപ്രകടനം നടത്തുന്നതും, അവസാനം യുവതി സ്‌കൂട്ടറില്‍നിന്ന് താഴെവീഴുന്നതും ഈ റീല്‍സിലുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് നടപടിയെടുത്തത്.