പൊന്നാമറ്റത്ത് നിന്നും ‘സയനൈഡ്’ എടുത്ത് കൊടുത്തത് ജോളിയുടെ തന്ത്രം

പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതിന് പിന്നാലെ തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചപ്പോള്‍ അലമാരയിലെ വസ്ത്രങ്ങള്‍ക്കുള്ളില്‍ നിന്നും സയനൈഡ് എടുത്ത് നല്‍കിയത് ജോളിയുടെ തന്ത്രമെന്ന് അന്വേഷണസംഘം. പോലീസ് ആവശ്യപ്പെടാതെതന്നെ അലമാരയില്‍ തുണികള്‍ക്കുള്ളില്‍ ചെറിയ കുപ്പിയില്‍ സൂക്ഷിച്ച വസ്തപം സയനൈഡ് എന്ന് പറഞ്ഞ് ജോളി എടുത്ത് കൊടുക്കുകയായിരുന്നു.

ഫോറന്‍സിക് സംഘമൊന്നും ഒപ്പമില്ലാത്തതിനാല്‍ ഇത് സയനൈഡ് തന്നെയാണെന്നാണ് പൊലീസും കരുതിയത്. എന്നാല്‍, അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ് ജോളിക്ക് നിയമോപദേശം നല്‍കിയ അഭിഭാഷനാണ് ഈ ബുദ്ധി ജോളിക്ക് പറഞ്ഞുകൊടുത്തത് എന്നാണ് സൂചന. സയനൈഡ് എന്ന മട്ടില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോവുമ്പോള്‍ ഇത് കോടതിയിലടക്കം ചോദ്യം ചെയ്യുകയായിരുന്നു പ്രതി ലക്ഷ്യമിട്ടത്.

എടുത്തുതന്ന വസ്തു സയനൈഡ് അല്ലെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലായതോടെയാണ് ജോളിയുടെ തന്ത്രം അന്വേഷണസംഘത്തിന് വ്യക്തമായത്. മാറിമാറി ചോദ്യം ചെയ്തതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവും ലഭിച്ചു. തുടര്‍ന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ വീണ്ടും ജോളിയെ പൊന്നാമറ്റത്തെത്തിച്ച് തെളിവെടുത്തത്. ഈ സമയം അടുക്കളയിലെ റാക്കില്‍ അലക്ഷ്യമായ കുപ്പിയില്‍ സൂക്ഷിച്ച നിലയില്‍ സയനൈഡ് എന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തുകയും ചെയ്തു. പ്രാഥമിക പരിശോധയില്‍ ഇത് സയനൈഡ് തന്നെയെന്നാണ് ഫോറന്‍സിക് സംഘം പറഞ്ഞത്.