കൊറോണയുടെ ആദ്യഘട്ടത്തില്‍ അമേരിക്കയെ ആദ്യം സഹായിച്ചത് ഇന്ത്യയാണ്; അതൊരിക്കലും മറക്കില്ലെന്ന് കമല ഹാരിസ്

കൊറോണയുടെ രണ്ടാം തരംഗം അതിഭീകരമായ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ വൈസ് പ്രസിഡന്‍റും ഇന്ത്യന്‍ വംശദജയുമായ കമലാ ഹാരിസ്. അവശ്യവസ്തുക്കളില്ലാതെ രോഗികള്‍ ബുദ്ധിമുട്ടുന്നത് എത്രയും വേഗം പരിഹരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനെ സഹായിക്കാന്‍ അമേരിക്ക മുന്‍പന്തിയിലുണ്ടാകുമെന്നു കമലാ ഹാരിസ് പറഞ്ഞു. കൊറോണയുടെ ആദ്യഘട്ടത്തില്‍ ഇന്ത്യയാണ് അമേരിക്കയെ സഹായിച്ചത്. അതൊരിക്കലും മറക്കാനാകില്ലെന്നും കമലാഹാരിസ് ഓര്‍മ്മിപ്പിച്ചു.

നിലവിൽ കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി നാല് വിമാനങ്ങളാണ് അമേരിക്കയുടെ പ്രതിരോധ വകുപ്പ് നേരിട്ട് ഇന്ത്യയില്ക് അയച്ചത്. വീണ്ടും ജീവന്‍രക്ഷാ ഉപകരണങ്ങളും മറ്റ് സഹായങ്ങളും എത്തിക്കും. ഇന്ത്യയിലെ കൊറോണ രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓക്സിനജനടക്കമുള്ള സാധനങ്ങള്‍ക്കായി പ്രസിഡന്‍റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് ബൈഡനും കമലാഹാരിസും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും സുപ്രധാന യോഗം ചേര്‍ന്നാണ് അടിയന്തിര സഹായം അകതിവേഗം എത്തിക്കാനുള്ള തീരുമാനം എടുത്തത്. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണിനാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള ചുമതല ഏല്‍പ്പിച്ചത്. ഒരു യുദ്ധ സമാന സാഹചര്യത്തെ നേരിടാന്‍ ഇന്ത്യയെ സഹായിക്കണമെന്ന നിര്‍ദ്ദേശമാണ് പെന്‍റഗണിന് ഉന്നത തല സമിതി നല്‍കിയത്.