കര്‍ണാടകയില്‍ വകുപ്പ് വിഭജനത്തിലും നേട്ടമുണ്ടാക്കി സിദ്ധരാമയ്യ

ബെംഗളൂരു. കര്‍ണാടകയില്‍ വകുപ്പുകള്‍ വിഭജനം പൂര്‍ത്തിയായി. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ധനകാര്യവകുപ്പ് ലഭിച്ചു. ജി പരമേശ്വരയ്ക്കാണ് ആഭ്യന്തരവകുപ്പ്. അതേസമയം ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിന് ജലസേചനവും നഗരവികസനവുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജിന ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെയ്ക്ക് ഗ്രാമവികസനവും പഞ്ചായത്തീ രാജ് വകുപ്പും ലഭിച്ചു.

കഴിഞ്ഞ ദിവസം 10 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പുറമെ കൂടുതല്‍ പേര്‍ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭ വികസനം പൂര്‍ത്തിയായതോടെയാണ് വകുപ്പ് വിഭജനം നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിനായി ഡികെ ശിവകുമാറും സിദ്ധരാമയ്യയും നീക്കം നടത്തിയതോടെ നാളുകള്‍ക്ക് ശേഷമാണ് വിഷയത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനത്തില്‍ എത്തിയത്.

അതേസമയം മന്ത്രിമാരെ തീരുമാനിക്കുന്നതിലും ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായിട്ടാണ് വിവരം. പിപിസി അധ്യക്ഷന്‍ കൂടിയായ ഡികെ ശിവകുമാറിനെ മറികടന്ന് സിദ്ധരാമയ്യ പക്ഷത്തിനാണ് മന്ത്രിസഭാ വികസനത്തിലും മുന്‍തൂക്കം ലഭിച്ചത്. പുതിയ 12 മന്ത്രിമാര്‍ ആദ്യമായി മന്ത്രിസ്ഥാനത്ത് എത്തുന്നവരാണ്.