പൂജയ്ക്ക് ചെല്ലുന്ന വീടുകളില്‍ കൃഷ്ണന്‍ നടത്തിയിരുന്നത് വന്‍ തട്ടിപ്പ്

കൂട്ടക്കൊല നടന്ന വീട്ടിലെ പല മൂറികളിലും വിവിധതരം ചുറ്റികകള്‍, കഠാരകള്‍, ഇരുമ്പുവടി തുടങ്ങിയ ആയുധങ്ങൾ സൂക്ഷിച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കൃഷ്ണന്‍ ആക്രമണം ഭയന്നിരുന്നെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ആയുധങ്ങള്‍ പണിയിച്ചു നല്‍കിയ വെണ്‍മണി സ്വദേശി ഇരുമ്പു പണിക്കാരനെ പോലീസ് ചോദ്യം ചെയ്തു.

പലതരത്തിലുള്ള ആയുധങ്ങള്‍ പണിയിക്കണം എന്നാവശ്യപ്പെട്ട് കൃഷ്ണന്‍ തന്നെ സമീപിച്ചിരുന്നതായി ഇരുമ്പ് പണിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. കൃഷിപ്പണിക്ക് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ ഇരുമ്പ് ആയുധങ്ങളാണ് കൃഷ്ണന്റെ വീട്ടില്‍ ഉണ്ടായിരുന്നത്. രക്തം പുരണ്ട നിലയില്‍ കൃഷ്ണന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയ ചുറ്റികയുടെ പിടി അടുത്തിടെ മാറ്റിയതാണെന്നും സൂചനയുണ്ട്.

മന്ത്രവാദം മറയാക്കിയുള്ള വന്‍ സാമ്പത്തീക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ പൂജയ്ക്കായി നെടുങ്കണ്ടം സ്വദേശി വഴി കൃഷ്ണന്‍ നിരന്തരം പോയിരുന്നെന്നാണു വിവരം. അവിടെ ചിലരുമായി സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ആഭിചാരക്രിയകളുടെ ഇടനിലക്കാരനാണ് കസ്റ്റഡിയിലുള്ള ഒരാളെന്നാണ് സൂചന. കൃഷ്ണന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ പൂജയ്ക്കും മന്ത്രവാദത്തിനും ആളെ എത്തിച്ചുകൊടുത്തിരുന്നയാളാണെന്നാണ് പോലീസിന് കിട്ടിയ വിവരം.

നെടുങ്കണ്ടം സ്വദേശിയായ മറ്റൊരാള്‍ ചില വമ്പന്മാരെ കൃഷ്ണനു പരിചയപ്പെടുത്തിയിരുന്നു. പൂജയ്ക്ക് ചെല്ലുന്ന വീടുകളില്‍ കൃഷ്ണന്‍ വന്‍ തട്ടിപ്പാണ് നടത്തിയിരുന്നത്. ഇറിഡിയം , റൈസ് പുള്ളര്‍, ഇരുതലമൂരി എന്നിവ വീട്ടില്‍ വെച്ചാല്‍ സമ്പത്ത് കൂടുമെന്നും ഇവ എത്തിച്ചു നല്‍കാമെന്നും മറ്റും പറഞ്ഞ് പലരില്‍ നിന്നും പണം കടം വാങ്ങുകയും ചെയ്തിരുന്നു.

തിരുവനന്തപുരം സ്വദേശിയില്‍ നിന്നും നിധി എടുത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തും ഇയാള്‍ പണം പറ്റിയിരുന്നു. തേനിയിലെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും വിഗ്രഹം സംഘടിപ്പിച്ചു കൊടുക്കാമെന്നു പറഞ്ഞും വന്‍തുക തട്ടിയെടുത്തതായി വിവരമുണ്ട്. ഒരു വീട്ടിലെ പശുവാണ് ദോഷത്തിന് കാരണമെന്ന് പറഞ്ഞ് അതിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ആടുകളെ വാങ്ങി വീട്ടിലെത്തിക്കുന്നതും പതിവായിരുന്നു. പൂജ നടത്തിയാല്‍ സ്ഥല വില്‍പ്പന നടക്കുമെന്ന വിശ്വാസത്തില്‍ കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശി മാസങ്ങള്‍ക്ക് മുമ്പ് കൃഷ്ണനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ ആറ് മാസത്തോളം പൂജകളടക്കം നടത്തിയിരുന്നു.

റൈസ് പുള്ളര്‍ ഇടപാടിലും ഇയാള്‍ പങ്കാളിയായിരുന്നു. കൃഷ്ണനും സഹോദരങ്ങളുമായി സ്വത്തിനെ ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. ഇതോടെ സഹോദരങ്ങളുമായി അകന്ന കൃഷ്ണന്‍ മാതാവ് മരിച്ചപ്പോള്‍ പോലും തറവാട്ട് വീട്ടില്‍ എത്തിയിരുന്നില്ല. കൊലനടന്ന വീട്ടില്‍ നിന്നും ആറു പേരുടെ വിരലടയാളങ്ങളാണ് പോലീസിന് കിട്ടിയത്. 40 വയസുള്ള, താടിവച്ച ഒരാള്‍ അടുത്തകാലത്തു സ്ഥിരമായി വീട്ടിലെത്തിയിരുന്നെന്നു ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞിരുന്നു.

ഭാര്യയുടെ ബന്ധുവെന്നു പറഞ്ഞ് ഒരാള്‍ കുറച്ചുനാള്‍ വീട്ടില്‍ താമസിക്കുകയും ചെയ്തു. 15 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നും ആഴുകള്‍ കൃഷ്ണന്റെ വീട്ടില്‍ എത്താറുണ്ടായിരുന്നുവെന്നു സഹോദരന്‍ യജ്‌ഞേശ്വരന്‍ പോലീസിനോട് പറഞ്ഞിരുന്നു.