സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയുടെ അനുമതി തേടി കെവി തോമസ്‌

കൊച്ചി: സംസ്ഥാന നേതൃത്വത്തെ തള്ളി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ചരടുവലിയുമായി കെ.വി. തോമസ്. സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി ചോദിച്ചെന്ന് കെ.വി തോമസ് വ്യക്തമാക്കി. സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ തന്നെ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് അയച്ചിരുന്നുവെന്ന് കെ.വി.തോമസ് പറഞ്ഞു.

ഒന്‍പതാം തീയതി വരെ സമയമുണ്ടെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. കാരണം ഈ സമ്മേളനം ദേശീയ സമ്മേളനമാണ്. ദേശീയ തലത്തില്‍ ബിജെപി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് കൊണ്ടുപോകേണ്ടതുണ്ട്. അത് ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സമീപനവും അതാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ രാഷ്ട്രീയ ജിവിതത്തില്‍, എല്ലാവരേയും യോജിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റ് മുന്നോട്ട് പോയത്. ഭക്ഷ്യസുരക്ഷാ നിയമം ഐക്യകണ്‌ഠേന പാസാക്കിയത് അങ്ങനെയാണ്. ഈയൊരു സാഹചര്യത്തിലാണ് ക്ഷണം ലഭിച്ചപ്പോള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചത്. കെ.സി. വേണുഗോപാല്‍ വിളിച്ച് തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.