‘ഇത് ചന്ദ്രനിലേക്കുള്ള യാത്രയിലെ നാഴികക്കല്ല്’; ചന്ദ്രയാന്‍ ദൗത്യസംഘത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്‍റെ വിജയത്തില്‍ ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്‌ആര്‍ഒ സംഘത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രനിലേക്കുള്ള യാത്രയിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

‘ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ ടീം ഐഎസ്‌ആര്‍ഒ. ഇത് ചന്ദ്രനിലേക്കുള്ള യാത്രയിലെ നാഴികക്കല്ല്’- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ചാന്ദ്രഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.