കരുതിയിരിക്കുക, നിർത്തിയിട്ട വണ്ടികൾക്കും രക്ഷയില്ല, വാഹനപരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്, 28 ദിവസത്തിനിടെ പെറ്റിയടിച്ചത് നാലരക്കോടി രൂപ

വാഹനങ്ങൾ നിരത്തിലിരിക്കുന്നവർ കരുതിയിരിക്കുക. നിങ്ങളുടെ പോക്കറ്റും എടിഎമ്മും കാലിയാകും. സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പ് വാഹനപരിശോധന കർശനമാക്കി. ഇ ചെല്ലാൻ ആപ്ലിക്കേഷൻ വന്നതോടുകൂടിയാണ് തൊട്ടതിനും പിടിച്ചതിനും എല്ലാം ഫൈൻ ഇടുന്നത്.

കഴിഞ്ഞ 28 ദിവസത്തിനിടെ നാലരക്കോടി രൂപയാണ് പെറ്റിയടിച്ചത്. വളരെ നിസാരമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ വൻ തുക ഈടാക്കുന്നതായും ആക്ഷേപമുണ്ട്. അതേസമയം , സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങളിട്ട് അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.

മോട്ടോർ വാഹന വകുപ്പിനെതിരെ സമൂഹ മാധ്യമങ്ങളിൽ പല ശബ്ദ പ്രചരണങ്ങളും വ്യാപകമാകുന്നുണ്ട്. കാറിന്റെ ​ഗ്ലാസിൽ സൺഫിലിമിന്റെ ഒരു ശതമാനം പോലും പാടില്ലെന്നും ഉദ്യോ​ഗസ്ഥർ ചുരണ്ടി നോക്കി വരെ പിഴ ഈടാക്കുമെന്നും സന്ദേശം പ്രചരിക്കുന്നുണ്ട്. നിയമ ലംഘിച്ച വാഹനത്തിന്റ ചിത്രം എടുത്ത് ആപ്പിൽ അപ് ലോഡ് ചെയ്താൽ ഉടമയുടെ ഫോൺ നമ്പരിലേക്ക് ഉടനടി പിഴത്തുകയുടെ സന്ദേശം എത്തും.

നിലവിൽ ​ഗതാ​ഗതം പൂർണ തോതിൽ ആയിട്ടില്ലെങ്കിലും മോട്ടോർ വാഹനവകുപ്പ് ഇ ചെല്ലാൻ ആപ്ലിക്കേഷന്റ സഹായത്തോടെ വാഹന പരിശോധന കർശനമാക്കിയിരിക്കുകയാണ്. കോട്ടയത്താണ് ഏറ്റവും കൂടുതൽ പേർക്ക് പെറ്റിയടിച്ചത്. 4796 പേർ.

ആപ്പ് വന്നതോടെ വാഹനത്തിൽ വരുത്തിയിട്ടുള്ള ഏത് തരം മോടി പിടിപ്പിക്കലും പിടികൂടിത്തുടങ്ങി. അയ്യായിരം രൂപയാണ് ഇതിന് പിഴ. നിർത്തിയിട്ട വണ്ടികൾക്കും ഒരു രക്ഷയുമില്ല. കഴിഞ്ഞ 28 ദിവസത്തിനിടെ ആപിൽ കുടുങ്ങിയ 20,623 പേരിൽ 776 പേർക്കും പണി കിട്ടിയത് വാഹനത്തിലെ മോടി പിടിപ്പിക്കലിനാണ്. ഒരു മാസത്തിനിടെ 4.42 കോടി രൂപയാണ് പെറ്റിയിനത്തിൽ പിരിഞ്ഞത്. ശമ്പളം കൂട്ടിക്കിട്ടാനുള്ള ഉദ്യോഗസ്ഥരുടെ അടവാണിതെന്ന് വരെ പ്രചാരണമുണ്ട്. പരിശോധനക്കെതിരെ ആക്ഷേപങ്ങൾ ഉയരുമ്പോഴും ശക്തമാക്കാൻ തന്നെയാണ് മോട്ടോർ വാഹന വകുപ്പിന്റ തീരുമാനം.