സ്ത്രീകൾക്ക് സുരക്ഷ ഒരുക്കിയതിൽ വീഴ്ച; പശ്ചിമ ബംഗാൾ പൊലീസിനെതിരെ കേന്ദ്ര വനിതാ കമ്മിഷന്റെ രൂക്ഷ വിമർശനം

പശ്ചിമ ബംഗാളിൽ സംഘർഷ സമയത്തു സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയതായി ദേശീയ വനിതാ കമ്മീഷൻ. സംഘർഷ മേഖലകൾ സന്ദർശിച്ച ശേഷം തയാറാക്കിയ റിപ്പോർട്ടിലാണ് ബംഗാൾ പൊലീസിനെതിരെയുള്ള രൂക്ഷ വിമർശനം.

ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു. സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കാൻ ബംഗാൾ പൊലീസിന് കഴിഞ്ഞില്ല. ക്രൂരമായ ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളിൽ സ്ത്രീകൾ നേരിട്ടത്. ബലാത്സംഗ ഭീഷണി ഉള്ളതിനാൽ പലയിടങ്ങളിലും സ്ത്രീകൾ കുടുംബ സമേതം പലായനം ചെയ്യുന്നതായും മൂന്നംഗ സംഘം തയാറാക്കിയ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

അതേസമയം വർഗീയ കലാപം നടത്താൻ പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ നടി കങ്കണ റണാവത്തിനെതിരെ പൊലീസ് കേസെടുത്തു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയതിന്റെ പേരിൽ കങ്കണ റണാവത്തിനെതിരെ കേസെടുത്തത്. പശ്ചിമ ബംഗാളിലുണ്ടായ കൊലപാതകങ്ങൾ അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാൻ ഹൈക്കോടതി അഞ്ചംഗ വിശാല ബെഞ്ച് രൂപീകരിച്ചു. ഹൈക്കോടതിയുടെ ഈ പ്രത്യേക ബെഞ്ച് തിങ്കളാഴ്ച കേസുകൾ പരിഗണിക്കും.