മലപ്പുറത്ത് വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് ഒരാള്‍ മരിച്ചു: ഇതോടെ മരണം മൂന്നായി

മലപ്പുറം: വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതൊടെ ജില്ലയിൽ ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ഡി എം ഒ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒരാളുടെ കൂടെ മരണം ഉണ്ടാകുന്നത്.

ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഒരു മാസത്തിനിടെ 152 പേർക്ക് രോഗബാധ ഉണ്ടാവുകയും 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 47 ഉം 60 ഉം വയസ്സുള്ള പുരുഷന്മാരാണ് നേരത്തെ മരണപ്പെട്ടത്.

ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. പ്രദേശത്ത് വ്യാപകമായ രീതിയിൽ ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ആറ് കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചതിൽ മുന്നെണ്ണത്തിലെ വെള്ളം ഉപയോഗ യോഗ്യമല്ല എന്ന റിപ്പോർട്ടാണ് ലഭിച്ചത്.