പൊലീസിന്റെ സമയോചിത ഇടപെടലില്‍ മധുവിനിത് രണ്ടാം ജന്മം

കേരളാ പൊലിസുകാര്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ ആണ്.. കേരളാ പോലീസിനെ നാണം കെടുത്തുന്ന ചില ഏമാന്മാര്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. നല്ല പ്രവര്‍ത്തികള്‍ മൂലം വാര്‍ത്തകളില്‍ ഇടം നേടുന്ന പോലിസുകാരും നിരവധിയാണ്. വിശന്നു വലഞ്ഞിരുന്ന ഒരു വൃദ്ധന ഹര്‍ത്താല്‍ ദിനം ഭക്ഷണം പകുത്തു നല്‍കിയ പോലിസു കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കൊല്ലം കൂട്ടിക്കടയിലുള്ള പോലിസുകാര്‍ രക്ഷിച്ചത് മധുവിന്റെ ജീവിതമാണ്. കെ.ജെ. ഡാനിയേലും സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് ലോറന്‍സും നടത്തിയ സമയോചി തമായ ഇടപെടലാണ് മധുവിന്റെ ജീവിതം രക്ഷിച്ചത്.

പൊലീസിന്‍റെ സമയോ ചിത ഇടപെടലില്‍ കൊല്ലം കൂട്ടിക്കട സ്വദേശി മധുവിന് രണ്ടാം ജന്മം. നെഞ്ചുവേദനയെ തുടർന്ന് വേദനകൊണ്ടു പുളഞ്ഞ മധുവിനെ ആശുപത്രിയിൽ പോലീസ് ജീപ്പിൽ എത്തിച്ചെന്നു മാത്രമല്ല കൃത്രിമ ശ്വാസം നൽകി ജീവൻ കാത്തു.

കഴിഞ്ഞ ഡിസംബര്‍ 28 ന് രാത്രി ഒരു മണിയോടെ കലശലായ നെഞ്ചുവേദന അനുഭവപ്പെട്ട മധു ആശുപത്രിയില്‍ പോകാന്‍ സഹായത്തിനായി പരിചയക്കാരെയും സുഹൃത്തുക്കളെയും മാറിമാറി വിളിച്ചു. ആരും ഫോണെടുത്തില്ല. വേദന അസഹനീയമായപ്പോള്‍ സ്വന്തം സ്കൂട്ടറില്‍ ഭാര്യ സജിനിയുമായി അടുത്തുളള സ്വകാര്യ ആശുപത്രിയിലെത്തി.

ഇസിജിയില്‍ കാര്യമായ വ്യത്യാ സമുണ്ടെന്നും കടുത്ത ഹൃദയാഘാതത്തിന്‍റെ ലക്ഷണമാണെന്നും എത്രയും വേഗം കൂടുതല്‍ സൗകര്യങ്ങളുളള ആശുപത്രിയില്‍ എത്തിക്കണമെന്നും ഡോക്ടര്‍ നിർദ്ദേശിച്ചു. ആംബുലന്‍സുകാരെ വിളിച്ചുവെങ്കിലും ആ സമയത്ത് ആരെയും ലഭിച്ചില്ല. കിട്ടിയ ഓട്ടോയില്‍ അടുത്ത ആശുപത്രിയിലേക്ക് പാഞ്ഞു. ഓട്ടോഡ്രൈവര്‍ പരമാവധി വേഗത്തില്‍ ഓടിച്ചെങ്കിലും മധുവിന് വേദനയും അസ്വസ്ഥതയും കൂടിവന്നു.

തട്ടാമലയിൽ പോലീസ് വാഹനം കണ്ടു. ഓട്ടോ ഡ്രൈവർ പോലീസ് വാഹനത്തിനടുത്തെത്തി കാര്യം പറഞ്ഞു. പിന്നെ നടന്നത് മധുവിന് അവിശ്വസനീയമായി തോന്നിയ കാര്യങ്ങള്‍. കൊല്ലം സിറ്റി കണ്‍ട്രോള്‍ റൂമിലെ സി ആര്‍ വി 10 വാഹനത്തിലെ രാത്രി ഡ്യൂട്ടിക്കാരായ ഇവരുടെ സഹായം കൊണ്ടുമാത്രമാണ് താനിന്ന് ജീവിച്ചിരിക്കുന്നതെന്ന് മധു പറയുന്നു.

പോലീസ് ജീപ്പില്‍ ഉണ്ടായിരുന്ന സീനിയര്‍ പോലീസ് ഓഫീസര്‍ കെ.ജെ.ഡാനിയേലും സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് ലോറന്‍സും ചേര്‍ന്ന് മധുവിനെയും ഭാര്യയെയും ജീപ്പില്‍ കയറ്റി. ആശുപത്രി ലക്ഷ്യമാക്കി ഹോണ്‍ മുഴക്കി സാധ്യമായ വേഗത്തില്‍ ഒരാള്‍ ജീപ്പോടിച്ചപ്പോള്‍ മറ്റേയാള്‍ ശ്വാസം നിലയ്ക്കാറായ മധുവിന് കൃത്രിമശ്വാസോച്ഛാസം ഉള്‍പ്പെടെയുളള പ്രഥമശുശ്രൂഷ നല്‍കി ശ്വാസം നിലനിര്‍ത്തി.

ബോധം മറയുമെന്ന് തോന്നിയ ഘട്ടങ്ങളിലെല്ലാം ഭാര്യയോട് മധുവിനെ വിളിച്ച് ഉണര്‍ത്തിയിരുത്താന്‍ പോലീസുകാരന്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഉടന്‍ ആശുപത്രിയിലെത്തുമെന്നും ഒന്നും സംഭവിക്കില്ലെന്നും യാത്രയിലുടനീളം മധുവിന് ആത്മവിശ്വാസവും പകരുന്നുണ്ടായിരുന്നു.ഇത്തരത്തിലുള്ള നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന പോലിസുകാരെ അഭിനന്ദിക്കേണ്ടതു തന്നെയാണ്. സീനിയര്‍ പോലീസ് ഓഫീസര്‍ കെ.ജെ.ഡാനിയേലും സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് ലോറന്‍സും കേരള സമൂഹത്തിന് മാത്യകയാണ്