നേരിട്ട് കാണുന്നതിന് മുന്‍പേ സഹോദരിയായി തോന്നിയത് ഈ നടിയെ മാത്രം: പൃഥ്വിരാജ്

അടുത്ത കാലത്തായി നസ്രിയയും ഫഹദും പൃഥ്വിരാജും ഭാര്യ സുപ്രിയയും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നസ്രിയ നസീമിനെ കുറിച്ച് പൃഥ്വിരാജ് സംസാരിക്കുന്ന പഴയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്. സിനിമയില്‍ തനിക്ക് സഹോദരിയെ പോലെ തോന്നിയ വ്യക്തിയാണ് നസ്രിയയെന്ന് പറയുകയാണ് വീഡിയോയില്‍ പൃഥ്വിരാജ്.

കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള ചോദ്യോത്തര പരിപാടിയുടെ വീഡിയോയാണിത്. സിനിമയില്‍ ആരോടെങ്കിലും ഒരു സഹോദരിയോടെന്ന പോലെ ഇഷ്ടവും അടുപ്പവും തോന്നിയിട്ടുണ്ടോയെന്നായിരുന്നു പരിപാടിക്കിടെ വിദ്യാര്‍ത്ഥി ചോദിച്ചത്. ഇതിന് മറുപടി പറയവേയാണ് നസ്രിയയെ കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്.

നേരിട്ടു കാണുന്നതിന് മുന്‍പേ ഫോണില്‍ സംസാരിച്ച സമയത്ത് തന്നെ ഒരു സഹോദരിയെ പോലെയാണ് നച്ചുവിനെ(നസ്രിയ) തോന്നിയത്. ആ ഒരു വൈബ് കിട്ടിയിരുന്നു. ‘കൂടുതല്‍ പേരും സുഹൃത്തുക്കളായിട്ടാണ് തോന്നിയിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ ഇപ്പറയുന്ന സഹോദരന്‍-സഹോദരി ബന്ധം പോലെ തോന്നിയത് നസ്രിയയുമായിട്ടാണ്. നസ്രിയ ഇപ്പോള്‍ ഇടയ്ക്കിടക്ക് വീട്ടില്‍ വരും. എന്റെ മോളുടെ അടുത്ത സുഹൃത്താണ് ആളിപ്പോള്‍. അങ്ങനെ നസ്രിയയാണ് ഒരു സിസ്റ്റര്‍ ഫിഗറായി എനിക്കുള്ളത്,’ പൃഥ്വിരാജ് പറഞ്ഞു.

2018ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തില്‍ ചേട്ടനും അനിയത്തിയുമായിട്ടായിരുന്നു പൃഥ്വിരാജും നസ്രിയയും എത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷം സിനിമയിലേക്ക് നസ്രിയ തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു കൂടെ. ജോഷ്വ ജെന്നി എന്നീ കഥാപാത്രങ്ങളായി മികച്ച പ്രകടനമാണ് ഇരുവരും നടത്തിയതെന്നും മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ചേട്ടന്‍-അനിയത്തി കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ ഇരുവരുമുണ്ടാകുമെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.