സിനിമയിൽ മാത്രമാണോ ഡ്ര​ഗ്സ് ഉള്ളത്, കഞ്ചാവ് സിനിമക്കാർ ആണോടാ കൊണ്ടുവന്നത്, പൊട്ടൻ കളിക്കാതെ ഉത്തരം പറയെടാ, മാദ്ധ്യമ പ്രവർത്തകനോട് കയർത്ത് ഷൈൻ ടോം ചാക്കോ

സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം അടുത്തിടെയാണ് മറനീക്കി പുറത്തുവന്നത്. അധികൃതർ പരാതിയുമായി രംഗത്തെത്തിയതോടെ പോലീസും വിഷയത്തിൽ ഇടപെട്ടു. സിനിമ സെറ്റുകളിൽ നിരീക്ഷണവും ശക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ തുറന്ന പ്രതികരണം നടത്താൻ മിക്ക താരങ്ങളും തയ്യാറായിട്ടില്ല. ഇപ്പോഴിതാ സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് വളരെ രൂക്ഷമായ ഭാഷയൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.

ചോദ്യം കേട്ടതിന് പിന്നാലെ തന്നെ നടൻ പ്രകോപിതനായി. സിനിമയിൽ മാത്രമാണോ ഡ്ര​ഗ്സ് ഉള്ളത്. നീയെന്താ പൊട്ടൻ കളിക്കുവാണോ? ഞാൻ ചോദിക്കുന്നതിന് ഉത്തരം പറയൂ.., സിനിമയിൽ മാത്രമാണോ ഡ്ര​ഗ്സ് ഉള്ളത്? അല്ല എന്നറിയാം. പിന്നെ എന്തിനാണ് വീണ്ടും വീണ്ടും അതിനെപ്പറ്റി ചോദിക്കുന്നത്. സ്ത്രീകളോട് തന്നെ ബഹുമാനത്തോടെ പെരുമാറുന്നവരും അല്ലാതെ പെരുമാറുന്നവരും സിനിമയിലുണ്ട്. അങ്ങനെയുള്ളവർ സിനിമയിൽ മാത്രമാണോ? മാദ്ധ്യമ രം​ഗത്തും ഇല്ലേ?’

‘ഈ ഡ്രഡ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ. ആണോ? ആണോടാ.. മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം’ എന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. താരം മാധ്യമപ്രവർത്തകനോട് തട്ടിക്കയറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. താരത്തിന്റെ പ്രതികരണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഒരുപാടാണ്. മനപ്പൂർവം താരത്തെ പ്രകോപിതനാക്കുകയായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഇത്രയുമധികം പൊട്ടിത്തെറിക്കേണ്ട കാര്യം ഉണ്ടായിരുന്നോവെന്ന് ചിലർ ചോദിക്കുന്നു.