സ്ത്രീകളെ തെറിപ്പാട്ടുകൾ കൊണ്ടഭിഷേകം നടത്തുന്ന ആണഹന്തയെ എന്തിന്റെ പേരിലായാലും ക്ഷമിക്കാൻ ബുദ്ധിമുട്ടാണ്

ആണുങ്ങൾ അടിച്ചമർ‌ത്തുന്ന സ്ത്രീകളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തുറന്നെഴുതുകയാണ് പൊതു പ്രവർത്തക റാണി നൗഷാദ്. .പുരുഷൻ സ്ത്രീകളോട് എന്തെങ്കിലും ഒന്നു പറഞ്ഞു തുടങ്ങുമ്പോൾ അവൾ തിരിച്ച് മിണ്ടിപ്പോകരുത് ഡാഷ് മോനേ എന്നു പറഞ്ഞാൽ എന്തു ചെയ്യും. നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയുമോ, അത് കേൾക്കുന്നവർക്ക് സഹിക്കുമോ, അതോ അവൾ മുൻകോപിയാണ് അല്ലെങ്കിൽ ഓവുലേഷൻ ടൈം ആണ് എന്നു പറഞ്ഞു നിങ്ങളോ ഈ സമൂഹമോ ആ തെറി വാക്കുകൾ ഇഗ്നോർ ചെയ്തുകൊണ്ട് അവളെ കുറ്റവിമുക്തയാക്കുമോ …..???ഒന്നു ചിന്തിച്ചു നോക്കൂവെന്ന് റാണി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു‌

കുറിപ്പിന്റെ പൂർണ്ണരൂപം

ഇതു വായിക്കുന്നൊരാളും എന്നെ മോശമായിക്കാണരുത്.എന്നോട് ദേഷ്യമരുത്. വെറുപ്പോ വിദ്വേഷമോ തോന്നരുത്….ഇതെഴുതാൻ കാരണം ചില്ലയിൽ വന്നൊരു പെൺകുട്ടി തന്നെയാണ്….എന്തെന്നാൽ ,,,,നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന, നിൽക്കുന്ന രാപകൽ ഓടിനടന്ന് ജോലിചെയ്യുന്ന, നിങ്ങൾക്കു വേണ്ടി കിടക്ക പങ്കിടുന്ന,വച്ചു വിളമ്പുന്ന,നിങ്ങളുടെ മക്കളെ പ്രസവിക്കുന്നനിങ്ങളുടെ പെണ്ണുങ്ങളെ,,,,അവൾ ഒന്നു മിണ്ടിതുടങ്ങുമ്പോഴേക്കും വിവരക്കേട് പറയുന്നോടീ @#$€¥# ഡാഷ് മോളേന്നും,,,നിന്റെ തന്ത സമ്പാദിച്ചു കൊണ്ടു വന്നു തന്നിട്ടുണ്ടോന്നും,,,,ഇവിടെ നീ എന്തുണ്ടയാണ് മറിക്കുന്നതെന്നും, ചോദിച്ചു ചീറിക്കടിക്കാറുണ്ടെങ്കിൽ……. ഒന്നു പറഞ്ഞു രണ്ടാമത്തെ വാക്കിൽ സ്ത്രീകളുടെ മേൽ കുളിച്ചാലും നനച്ചാലും പോകാത്തത്ര ദുർഗന്ധം വമിക്കുന്ന തെറിപ്പാട്ടുകൾ കൊണ്ടഭിഷേകം നടത്തുന്ന ആണഹന്തയെ എന്തിന്റെ പേരിലായാലും ക്ഷമിക്കാൻ ബുദ്ധിമുട്ട് തന്നെയാണ്…. അവൻ മുൻകോപിയാണ് എന്നൊരു നിസാരവൽക്കരണം കൊണ്ട് വെള്ളപൂശുന്ന ഒരു സമൂഹത്തിൽ സൂക്ഷിച്ചു നോക്കിയാൽ അറിയാം ഈ അവനൊരു വലിയ ഉദ്യോഗസ്ഥനോ , ഉന്നതങ്ങളിൽ പിടിപാടുള്ളവനോ, ഉയർന്ന വിദ്യാഭ്യാസം നേടിയവനോ ഒക്കെ ആണെന്ന്…ആണധികാരം വച്ച് സ്വന്തം പെണ്ണിന്റെ മുഖത്തു നോക്കി പുളിച്ചു നാറിയ തെറി വിളിക്കുമ്പോൾ നിങ്ങൾ പറയുന്ന വലിയൊരു കള്ളമുണ്ട്….ഞാൻ ഒരു മുൻദേഷ്യക്കാരനാണെന്ന ഓർമ്മയോടെ എന്നോട് പെരുമാറിക്കൊള്ളണമെന്ന്….!!!!ഒരു മാസത്തിന്റെ പകുതിയിൽ അധികവും മുൻദേഷ്യം കാണിക്കാൻ ദൈവത്താൽ യോഗ്യത നേടിയവരാണ് സ്ത്രീകളെന്ന കാര്യം നല്ലോണം ഓർക്കുക….

മാസമുറയോടടുത്ത ദിവസങ്ങളിൽ അവൾക്ക് അവളെപ്പോലും നിയന്ത്രിക്കാൻ കഴിയാത്ത സമയങ്ങളാണ്….മാസമുറ ദിവസങ്ങളിൽ അവൾ സ്വയം കത്തുന്ന ദിനങ്ങളാണ്….അതു കഴിഞ്ഞുള്ള ദിനങ്ങളിൽ നിങ്ങളുടെ അടുത്തൊരു തലമുറയെ ഒരുക്കാനുള്ള മുട്ടകൾ രൂപപ്പെടുന്നതിന്റെ (ovulation) കാരണത്താൽ അടിവയറുൾപ്പെടുന്ന ഭാഗങ്ങൾ എല്ലാം കൊളുത്തി വലിക്കുന്ന വേദനയുമായും സഹന സമരത്തിൽ ഏർപ്പെടുന്നവളാണ്….അവൾ അനുഭവിക്കുന്ന ഒരു വേദനയും ഒരു ദിവസമോ ഒരു സെക്കന്റോ ഒരു പുരുഷനും താങ്ങില്ല….ഈ സമയങ്ങൾ മുഴുവനും അവൾക്കും അടക്കാൻ കഴിയാത്ത ദേഷ്യമുണ്ട്….പുരുഷൻ സ്ത്രീകളോട് എന്തെങ്കിലും ഒന്നു പറഞ്ഞു തുടങ്ങുമ്പോൾ അവൾ തിരിച്ച് മിണ്ടിപ്പോകരുത് ഡാഷ് മോനേ എന്നു പറഞ്ഞാൽ എന്തു ചെയ്യും. നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയുമോ, അത് കേൾക്കുന്നവർക്ക് സഹിക്കുമോ, അതോ അവൾ മുൻകോപിയാണ് അല്ലെങ്കിൽ ഓവുലേഷൻ ടൈം ആണ് എന്നു പറഞ്ഞു നിങ്ങളോ ഈ സമൂഹമോ ആ തെറി വാക്കുകൾ ഇഗ്നോർ ചെയ്തുകൊണ്ട് അവളെ കുറ്റവിമുക്തയാക്കുമോ …..???ഒന്നു ചിന്തിച്ചു നോക്കൂ…..

ധൈര്യം കൊണ്ട് പുരുഷനേക്കാൾ എത്രയോ മടങ്ങ് ഉയരത്തിൽ ആണ് ഓരോ സ്ത്രീയും. അവളുടെ പ്രസവം തന്നെയാണ് അതിന്റെ തെളിവ്. അത്രയും വേദനക്ക് ശേഷവും രണ്ടാമതും മൂന്നാമതും ആറാമതും ഒരു പെണ്ണ് പേറ്റ് നോവിനായി തയ്യാറാവുന്നെങ്കിൽ അവൾ തന്നെയാണ് ഏറ്റവും വലിയ ധൈര്യവതി….പക്ഷേ ആന കരയിലെ ഏറ്റവും വലിയ മൃഗമായിട്ടുകൂടി ആനയുടെ കാലിൽ ഒരു കുഞ്ഞു ചങ്ങല ഇട്ടു നിയന്ത്രിച്ചു കൊണ്ടു പോകുന്നതുപോലെ,,,,ചീത്തവിളിച്ചും ഭയപ്പെടുത്തിയും ആശ്രിതയാക്കിയും ഉടമസ്ഥൻ ചമഞ്ഞും പെണ്ണിനെ അരക്ഷിതയും ഒന്നിനും കൊള്ളാത്തവളുമാക്കി പുരുഷൻ മാറ്റി…..അവളുടെ കഴിവുകൾ തിരിച്ചറിയപ്പെടാത്ത വിധം പല അളവുകളിലുള്ള ചങ്ങലകളാൽ അവളെ കെട്ടിയിട്ടു. ആ ചങ്ങലകളിൽ ചിലത് സ്നേഹമെന്നും,ആത്മാർത്ഥത എന്നും കടമ എന്നുമൊക്കെ അറിയപ്പെട്ടു….മുഖത്തു നോക്കി പെണ്ണുമ്പിള്ളമാരെ തെറി പറയുന്ന കൂട്ടത്തിൽ ഉള്ള പുരുഷൻമാരാണ് നിങ്ങൾ എങ്കിൽ ദയവു ചെയ്ത് ഒരു നിമിഷം ചിന്തിക്കണം…..സഹിക്കാൻ പറ്റാത്ത വേദനകൾക്കിടയിൽ നിൽക്കുന്ന സമയത്തുപോലും അവർ നിങ്ങളുടെ മുഖത്തു നോക്കി എന്താടാ ഡാഷ് മോനേ നിനക്ക് പറഞ്ഞാൽ മനസിലാകത്തില്ലയോ എന്നു ചോദിക്കുന്നില്ലല്ലോ അല്ലേ….