ടിവിയില്‍ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവില്‍ ജനങ്ങള്‍ വിചാരണ ചെയ്യും, രേവതി സമ്പത്ത് പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയായ തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ് രേവതി സമ്പത്ത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും അവര്‍ കാട്ടാറില്ല. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രേവതി. സാധാരണക്കാരന്‍ മരണം മുന്നില്‍ കണ്ട് ഭീതിയോടെ നില്‍ക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ ടിവിയില്‍ വന്ന് സംസാരിച്ച് പോകുന്ന നിങ്ങളെ ജനങ്ങള്‍ തെരുവില്‍ വിചാരണ ചെയ്യും എന്ന് രേവതി മുന്നറിയിപ്പ് നല്‍കുന്നു.

രേവതി സമ്പത്തിന്റെ കുറിപ്പ്, മോദി, നിങ്ങള്‍ക്ക് മനഃസാക്ഷി എന്നൊന്നുണ്ടെങ്കില്‍ എങ്ങനെയാണ് ഉറങ്ങാന്‍ കഴിയുന്നത്. താങ്കള്‍ പ്രധാനമന്ത്രിയായിരിക്കുന്ന ഈ രാജ്യത്ത് മനുഷ്യര്‍ ശ്വാസം കിട്ടാതെ മരിച്ചു വീഴുമ്പോള്‍ താങ്കളെന്താണ് ചെയ്യുന്നത്? നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ കൊടിപിടിച്ച മനുഷ്യര്‍ പോലും ഈ ശവങ്ങള്‍ക്കിടയില്‍ കിടപ്പുണ്ടാകില്ലേ? ശ്വാസം എടുക്കാനാവാതെ നീറുന്നുണ്ടാകില്ലേ?

അവരില്‍ അതിജീവിച്ചു തിരിച്ചു വരുന്ന മനുഷ്യരുണ്ടെങ്കില്‍ നിങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളിലെ മുന്നണി പോരാളികള്‍ അവരായിരിക്കും. ഈ കാലത്ത് സാധാരണക്കാര്‍ മരണം മുന്നില്‍ കണ്ട് ഭീതിയോടെ നില്‍ക്കുമ്പോള്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാതെ ടിവിയില്‍ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവില്‍ ജനങ്ങള്‍ വിചാരണ ചെയ്യും.

മോദി ഇന്ത്യയെ കാര്‍ന്നുത്തിന്നുന്ന പുഴുവാണ് എന്നെഴുതിയതിന്റെ പേരില്‍ ധാരാളം സൈബര്‍ അബ്യൂസുകള്‍ പണ്ട് നേരിട്ടിരുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. സ്വന്തം ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ നിര്‍ലജ്ജം കച്ചവട താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരു ജീര്‍ണ്ണതയെ നിങ്ങളുടെ പേര് വിളിച്ചതിന്, പുഴുക്കളേ നിങ്ങളെന്നോട് ക്ഷമിക്കൂ..